ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കപ്പെടുന്ന ജാപ്പനീസ് വനിത ടോമിക്കോ ഇറ്റൂക്ക അന്തരിച്ചു.116-ാം വയസ്സിലാണ് അന്ത്യം. ജന്മനഗരമായ ആഷിയയുടെ മേയറാണ് ഇക്കാര്യം അറിയിച്ചത്. നാല് കുട്ടികളും അഞ്ച് പേരക്കുട്ടികളുമുള്ള ഇറ്റൂക്ക, 2019 മുതല്‍ താമസിച്ചിരുന്ന ഒരു നഴ്‌സിംഗ് ഹോമിലാണ് മരിച്ചതെന്ന് തെക്കന്‍ സിറ്റി മേയര്‍ പ്രസ്താവനയില്‍ പറഞ്ഞു.
1908 മെയ് 23 ന് ആഷിയയ്ക്കടുത്തുള്ള ഒസാക്കയിലെ വാണിജ്യ കേന്ദ്രത്തിലാണ് ഇറ്റൂക്ക ജനിച്ചത്. ഫോര്‍ഡ് മോഡല്‍ ടി ഓട്ടോമൊബൈല്‍ അമേരിക്കയില്‍ അവതരിപ്പിക്കുന്നതിന് നാല് മാസം മുമ്പായിരുന്നു ഇവരുടെ ജനനം. 2024 ഓഗസ്റ്റില്‍ സ്‌പെയിനിലെ മരിയ ബ്രാന്യാസ് മൊറേറ 117-ാം വയസ്സില്‍ മരണമടഞ്ഞതിന് ശേഷമാണ് ഇറ്റൂക്ക ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അംഗീകരിക്കപ്പെട്ടത്.
ഇറ്റൂക്ക ലോക മഹായുദ്ധങ്ങളിലൂടെയും പകര്‍ച്ചവ്യാധികളിലൂടെയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും ജീവിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വോളിബോള്‍ കളിച്ചു. വാര്‍ദ്ധക്യത്തില്‍, ഇറ്റൂക്ക വാഴപ്പഴവും ജപ്പാനില്‍ പ്രചാരമുള്ള കാല്‍പ്പിസ് എന്ന പാല്‍ ശീതളപാനീയവും ആസ്വദിച്ചിരുന്നുവെന്ന് മേയറുടെ പ്രസ്താവനയില്‍ പറയുന്നു.
ജപ്പാനില്‍ സ്ത്രീകള്‍ സാധാരണയായി ദീര്‍ഘായുസുള്ളവരാണ്. ഇക്കഴിഞ്ഞ സപ്തംബറിലെ കണക്കു പ്രകാരം, 100 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 95,000-ലധികം ആളുകളാണ് ജപ്പാനിലുള്ളത്. അവരില്‍ 88 ശതമാനവും സ്ത്രീകളാണ്. രാജ്യത്തെ 124 ദശലക്ഷം ജനങ്ങളില്‍ മൂന്നിലൊന്ന് പേരും 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്.
ഇറ്റൂക്കയുടെ മരണശേഷം, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഇപ്പോള്‍ 116 വയസ്സുള്ള ബ്രസീലിയന്‍ കന്യാസ്ത്രീ ഇനാ കാനബാരോ ലൂക്കാസ് ആണ്. ഇവര്‍ 1908 ജൂണ്‍ 8 നാണ് ജനിച്ചത് എന്നാണ് യുഎസ് ജെറന്റോളജിക്കല്‍ റിസര്‍ച്ച് ഗ്രൂപ്പും ലോംഗ്വിക്വസ്റ്റും പറയുന്നത്.