ബത്തേരി: കോണ്‍ഗ്രസിനെ വെട്ടിലാക്കി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കത്തില്‍ ഐ സി ബാലകൃഷ്ണന് എംഎല്‍എയ്ക്കെതിരെ പരാമര്‍ശം. നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണെന്ന് കത്തില്‍ പറയുന്നു. സാമ്പത്തിക ബാധ്യതകള്‍, ബാധ്യത എങ്ങനെയുണ്ടായി, ആരൊക്കെയാണ് അതിനു പിന്നില്‍ എന്നിവയെല്ലാം വിശദമായി കുറിക്കുന്ന എട്ടു പേജുള്ള കത്താണ് പുറത്തു വന്നത്.
ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടായി. നിയമനവുമായി ബന്ധപ്പെട്ട് നേതാക്കളായ പലരും പണം വാങ്ങിയിട്ടുണ്ട്. എംഎല്‍എ ഐസി ബാലകൃഷ്ണന്, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന് തുടങ്ങിയവരുടെ പേരുകള്‍ ഉള്ളതായാണ് വിവരം. നിയമനത്തിന്റെ പേരില്‍ ഒരുപാട് ആളുകളില്‍ നിന്നും പണം വാങ്ങി. നേതൃത്വത്തിന്റെ അറിവോടെയാണ് പണം വാങ്ങിയത്. അവസാനം എല്ലാ ബാധ്യതകളും തന്റെ തലയില്‍ വന്നുവെന്ന് കത്തില്‍ പറയുന്നു.
ബത്തേരിയിലെ രണ്ട് സഹകരണബാങ്കുകളുടെ നിയമനവുമായി ബന്ധപ്പെട്ടാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് പലരില്‍ നിന്നും പണം വാങ്ങിയിരുന്നു. എന്നാല്‍ നിയമനം നല്‍കാനായില്ല. നേതാക്കളുടെ നിര്‍ദേശപ്രകാരം പാര്‍ട്ടി ആവശ്യത്തിനായി പണം വാങ്ങിയെങ്കിലും, ഒടുവില്‍ ആ ബാധ്യതകളെല്ലാം ഡിസിസി ട്രഷററായ തന്റെ തലയില്‍ മാത്രമായി. ആരും തന്നെ തിരിഞ്ഞുനോക്കിയില്ല എന്നും കെപിസിസി പ്രസിഡന്റിന് എഴുതിയ കത്തില്‍ പറയുന്നു. കത്തില്‍ ബാധ്യതകളെല്ലാം അക്കമിട്ട് നിരത്തിയിട്ടുണ്ട്.കാർഷിക ബാങ്കിലും ബത്തേരി അർബൻ സഹകരണ ബാങ്കിലും നിയമനക്രമക്കേട് ഉണ്ടായെന്നും കത്തിൽ പറയുന്നു.
ബാങ്കിൽ നിയമനം നൽകാമെന്നുപറഞ്ഞ് പലരിൽനിന്നും പണം വാങ്ങിയെന്നും തൊഴിൽ നൽകാനായില്ലെന്നും ഇത് തനിക്ക് ബാധ്യത ഉണ്ടാക്കിയെന്നും കത്തിൽ പരാമർശമുണ്ട്. ഈ പണം തിരിച്ച് കൊടുക്കേണ്ടിവന്നത് ബാധ്യതയുണ്ടാക്കി. തൻ്റെ മക്കളെയെങ്കിലും രക്ഷിക്കാൻ കെപിസിസി നേതൃത്വം സഹായിക്കണം എന്നുപറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
പിതാവ് ആവശ്യപ്പെട്ട പ്രകാരം കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തെന്നും പാർട്ടി നേതൃത്വത്തിൽനിന്നും ഇടപെടൽ ഉണ്ടാവുമോ എന്നറിയാനാണ് പത്ത് ദിവസം കാത്തിരുന്നതെന്നും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് കത്ത് പുറത്തുവിടുന്നതെന്നും കുടുംബം അറിയിച്ചു.