മലപ്പുറം : തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ് 21 പേർക്ക് പരിക്കേറ്റു. ബുധനാഴ്‌ച പുലർച്ചെ ഒന്നേകാലോടെയാണ് സംഭവം. ആന വിരണ്ടതോടെ നേർച്ച കാണാൻ എത്തിയവർ ചിതറി ഓടുകയായിരുന്നു. ഒരാളെ ആന തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്ത് നിലത്തിട്ടു. ഇയാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിഭ്രാന്തി പരത്തിയ ആനയെ പാപ്പാന്മാർ അനുനയിപ്പിച്ച് തളച്ചു. ഭയന്ന് ഓടിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ വീണ് നിരവധി ആളുകൾക്ക് പരിക്ക്. പാപ്പാൻ ഇടപെട്ട് ആനയെ തളച്ചത് കൂടുതൽ അപകടം ഒഴിവാക്കി.
പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് അർധരാത്രി ഇടഞ്ഞത്. ആന തുമ്പിക്കൈയിൽ തൂക്കി എറിഞ്ഞയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ആന ഇടഞ്ഞതോടെ പാപ്പാൻമാർ മറ്റ് ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി. എട്ടു ദിവസമായി തുടരുന്ന നേർച്ചയുടെ സമാപനത്തിലാണ് ആന ഇടഞ്ഞത്. പോത്തന്നൂരിൽ നിന്ന് വന്ന വരവ് യാറത്തിനു മുന്നിൽ എത്തിയപ്പോഴാണ് ആന ഇടഞ്ഞത്.