ഉരുള്‍ദുരന്ത ബാധിതരുടെ പുനരധിവാസം; മുഴുവന്‍ കുടുംബങ്ങള്‍ക്കും മിനിമം 10 സെന്റ് വീതം സ്ഥലം നല്‍കണം അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ: ഉരുള്‍ദുരന്തബാധിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മിനിമം 10 സെന്റ് വീതം സ്ഥലമെങ്കിലും നല്‍കി പുനരധിവസിപ്പിക്കണമെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ എലസ്റ്റണ്‍ എസ്റ്റേറ്റില്‍ വീട് വെക്കുന്നതിനായുള്ള സ്ഥലം അഞ്ചുസെന്റും, നെടുമ്പാല എസ്റ്റേറ്റില്‍ 10 സെന്റും നല്‍കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മാര്‍ക്കറ്റ് വില അനുസരിച്ചും ടൗണും പരിഗണിച്ചുകൊണ്ടല്ല ദുരന്തബാധിതരെ പുനരധിവസിപ്പിക്കേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ പേരില്‍ അവരോട് വിവേചനം കാട്ടുന്നത് മനുഷ്യാവകാശ ലംഘനവും അനീതിയുമാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെയും കലക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ടൗണ്‍ഷിപ്പിനായി സ്ഥലം കണ്ടെത്തിയതും, എത്ര സെന്റ് വീതം നല്‍കണമെന്ന് തീരുമാനിച്ചതും സര്‍ക്കാരാണ്. ദുരന്തബാധിതരുടെ അഭിപ്രായം അനുസരിച്ച് വേണം ഇക്കാര്യങ്ങള്‍ ചെയ്യണമെന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമം ഇവിടെ നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ദുരന്തം നടന്നിട്ട് ആറുമാസമായിട്ടും പരിക്ക് പറ്റിയവരുടെ തുടര്‍ചികിത്സയുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് പലതവണ മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ദുരന്തം മൂലം പരിക്ക് പറ്റിയവരുടെ തുടര്‍ചികിത്സ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍ ദുരന്തബാധിതരായ ആളുകള്‍ക്ക് എന്തെങ്കിലും അസുഖങ്ങള്‍ വന്നാല്‍ അവര്‍ക്ക് സമയബന്ധിതമായി ചികിത്സ നല്‍കാനുള്ള സാഹചര്യമൊരുക്കുകയും വേണം. ഇക്കാര്യത്തില്‍ ഇത്രദിവസമായിട്ടും തീരുമാനമുണ്ടാകാത്തത് ഖേദകരമാണെന്നും സിദ്ധിഖ് പറഞ്ഞു. സ്ഥലമേറ്റെടുത്തതും, സ്‌പോസണ്‍മാരുടെ മീറ്റിംഗ് വിളിച്ചതും ആശ്വാസകരമാണ്. ഇനി സര്‍ക്കാര്‍ ചെയ്യേണ്ടത് പുനരധിവാസത്തിന്റെ കലണ്ടര്‍ പ്രഖ്യാപിക്കുകയെന്നതാണ്. സമയബന്ധിതമായ പുനരധിവാസം എപ്പോള്‍ സാധ്യമാകുമെന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം എല്‍ എ പറഞ്ഞു. ദുരന്തത്തില്‍ നിരവധി കര്‍ഷകരുടെ ഏക്കര്‍ കണക്കിന് കൃഷിഭൂമിയാണ് നഷ്ടപ്പെട്ടത്. അവിടെ ഇനി കൃഷിയിറക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ കൃഷിഭൂമി നഷ്ടപ്പെട്ടയാളുകള്‍ക്ക് ആ ഭൂമിക്ക് തത്തുല്യമായ തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മാത്രമല്ല, പ്രദേശത്ത് നിലവിലുള്ള കൃഷിഭൂമിയില്‍ കാര്‍ഷികവൃത്തിക്ക് വൈദ്യുതി ആവശ്യമാണ്. കെ എസ് ഇ ബിയുടെ അടിയന്തരസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ജലസേചനം ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ദുരന്തബാധിതരുടെ വായ്പയുടെ കാര്യത്തില്‍ പ്രഖ്യാപനം നടത്തിയിട്ട് കാര്യമില്ല, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുള്‍ അടിയന്തരമായി കൂടിയാലോചനകള്‍ നടത്തി ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാണാതായവരുടെ കുടുംബാംഗങ്ങളുടെ യോഗം വിളിച്ച് സര്‍ക്കാരുടെ തുടര്‍നടപടിയെന്താണ് വ്യക്തമായി പറയാന്‍ തയ്യാറാകണമെന്നും, അടുത്ത മഴക്കാലത്തിന് മുമ്പ് ജില്ലയിലെങ്ങും ശാസ്ത്രീയമായ മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികളുണ്ടാകണമെന്നും എം എല്‍ എ പറഞ്ഞു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *