ആര്‍സി ബുക്ക് മാര്‍ച്ച് 31നകം ഡിജിറ്റലാക്കും; കെ.ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: മോട്ടാര്‍ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

 

റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്ലാ​ഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്‌പെക്ടര്‍മാര്‍ ടാബില്‍ ഇന്‍പുട്ട് നല്‍കുന്നതിനനുസരിച്ചാണ് ഉടനടി ലൈസന്‍സ് ലഭ്യമാകുക. റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും 20 വാഹനങ്ങള്‍ വാങ്ങിയത്. അന്‍പത് വാഹനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളില്‍ ബ്രത്ത് അനലൈസര്‍, മുന്നിലും പിന്നിലും ക്യാമറ, റഡാര്‍, ഡിസ്‌പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ഡിസ്‌പ്ലേയില്‍ ആറു ഭാഷകളില്‍ നിയമലംഘനവും പിഴയും പ്രദര്‍ശിപ്പിക്കും. പരിശോധനക്കായി എംവിഡി ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങേണ്ടതില്ല. വാഹനമോടിക്കുന്നവരുടെ യാത്ര തടസ്സപ്പെടുത്തേണ്ട ആവശ്യവുമില്ല. അഞ്ചുദിവസത്തിനകം ഒരു ഫയലില്‍ തീരുമാനമെടുക്കാതെ കയ്യില്‍വച്ചിരിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വോഡിന്റെ പരിശോധനയിലൂടെ നടപടി സ്വീകരിക്കും. ക്ലറിക്കല്‍ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ച് ജോലിതുല്യത ഉറപ്പുവരുത്താന്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തും. കെഎസ്ആര്‍ടിസി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകളിലൂടെ ആറുമാസത്തിനുളളില്‍ പതിനൊന്നര ലക്ഷം രൂപ ലാഭം നേടാനായതായും മന്ത്രി അറിയിച്ചു.

 

വി.കെ പ്രശാന്ത് എംഎല്‍എ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം ഐപിഎസ്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും കെഎസ്ആര്‍ടിസി സിഎംഡി പി.എസ് പ്രമോജ് ശങ്കർ, സിബിസി മഹീന്ദ്ര വൈസ് പ്രസിഡന്റ് ഗോപകുമാര്‍, എംവിഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *