കടുവ ആക്രമണത്തിൻ മരിച്ച രാധയുടെ കുടുംബത്തിന് 11ലക്ഷം നഷ്ടപരിഹാരം, അഞ്ച് ലക്ഷം ഇന്നുതന്നെ കൈമാറും; മന്ത്രി ഒ ആർ കേളു. പ്രദേശത്ത് കാവൽക്കാരെ വിന്യസിക്കും.

കൽപ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനൽകുമെന്ന് മന്ത്രി ഒആർ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നൽകുമെന്നും മന്ത്രി അറിയിച്ചു.

 

നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവിട്ടു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആർആർടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

കടുവ ഈ പരിസരത്ത് തന്നെ കാണാൻ സാധ്യതയുണ്ട്. ഇതിനെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും. ഫെൻസിങ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. ടെണ്ടർ നടപടികളിൽ താമസം വന്നാൽ ജനകീയ അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിലെ അംഗത്തിന് ജോലി നൽകുന്ന കാര്യം മന്ത്രിസഭായോഗത്തിൽ ഉന്നയിക്കുമെന്നും കേളു മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.

 

മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം. രാവിലെ വനത്തോടു ചേർന്നു പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

 

കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. അതിനുശേഷം മൃതദേഹം അൽപ്പദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

 

പുൽപള്ളി അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി 9 ദിവസം ആയപ്പോഴാണു മറ്റൊരു കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. ഈ വർഷം ആദ്യമായാണ് വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെടുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *