പടിഞ്ഞാറത്തറ: വീടിനോട് ചേർന്ന കൃഷിസ്ഥലത്തെ പമ്പ് ഹൗസിൽ കർഷകനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറത്തറ പതിനാറാം മൈൽ പെരിങ്ങണംകുന്ന് വട്ടപ്പറമ്പിൽ വി.സി രാജേഷ് (54) ആണ് മരിച്ചത്. ഇന്ന് രാവിലെ കൃഷിസ്ഥലത്തേക്ക് വെള്ളം പമ്പ് ചെയ്യാനായി പോയ രാജേഷിനെ പമ്പ് ഹൗസിന് സമീപം ബോധരഹിതനായി കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രാജേഷ് കിടക്കുന്നതിന് സമീപം മോട്ടോറിൻ്റെ വയർ ഊരിക്കിടക്കുന്നുണ്ടായിരുന്നു. കൂടാതെ നെഞ്ചിന് സമീപം വൈദ്യുതാഘാതമേറ്റ് പൊള്ളിയ പാടുമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇടയ്ക്ക് പ്ലംബിംഗ്, ഇലക്ട്രിക് ജോലികൾ ചെയ്യുന്ന രാജേഷിന് മോട്ടോർ നന്നാക്കുന്നതിനിടയിലോ മറ്റോ അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റതാകാമെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.