പാലക്കാട്:പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. പാലക്കാട് അട്ടപ്പാടി സ്വദേശി സുന്ദരിയുടെ മകൻ സതീശന് (22) ആണ് പരിക്കേറ്റത്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന തോണ്ടൈ പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ യുവാവിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരണ വീട്ടിൽ പോയി സ്കൂട്ടറിൽ മടങ്ങിവരുകയായിരുന്നു സതീശ്. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. യുവാവിന്‍റെ സ്കൂട്ടര്‍ കാട്ടാന മറിച്ചിട്ടു. തുടര്‍ന്ന് യുവാവിന്‍റെ വയറിന് കുത്തി കൊമ്പിൽ കോര്‍ത്ത് ദൂരേക്ക് എറിയുകയായിരുന്നു. യുവാവിന്‍റെ സ്കൂട്ടറും കൊമ്പിൽ കോര്‍ത്തെറിഞ്ഞു. യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.