മാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടികൂടാനുള്ള തീവ്രശ്രമം തുടര്‍ന്ന് വനംവകുപ്പ്. നോര്‍ത്ത് വയനാട് ഡിവിഷനു കീഴിലുള്ള തലപ്പുഴ, തിരുനെല്ലി, വരയാല്‍, കുഞ്ഞോം, മാനന്തവാടി ആര്‍ആര്‍ടി, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ എന്നിവരുടെ സംഘത്തില്‍ നിന്നുള്ള 85 ജീവനക്കാരാണ് നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുന്നത്. കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചു. പഞ്ചാരക്കൊല്ലി സ്വദേശി നൗഫലിന്റെ വീടിനടുത്താണ് കടുവയെ കണ്ടതായി സംശയം. വനം വകുപ്പ് സ്ഥലത്തേക്ക് പുറപ്പെട്ടു.
മയക്കുവെടി വയ്ക്കാനും, അവശ്യ സാഹചര്യത്തില്‍ വെടിവയ്ക്കാനുമുള്ള തോക്കുകളടക്കമുള്ള സജ്ജീകരണങ്ങള്‍ സഹിതമാണ് തിരച്ചില്‍. രണ്ടു വാക്കി ടോക്കികള്‍, 38 ക്യാമറ ട്രാപ്പുകള്‍, ഒരു ലൈവ് ക്യാമറ എന്നിവയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. ഡോ. അജേഷ് മോഹന്‍ദാസ്, ഡോ. ഇല്ലിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സുല്‍ത്താന്‍ ബത്തേരി ആര്‍ആര്‍ടി സംഘം 2 ട്രാന്‍ക്വിലൈസേഷന്‍ ഗണ്ണുകള്‍, 2 ടൈഗര്‍ നെറ്റ്കള്‍ എന്നിവയോടൊപ്പം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.