രാജ്യം ഇന്ന് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ

ഇന്ത്യ ഇന്ന് എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍. ഈ ദിനം ഇത്ര പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നതിന്റെ ആവശ്യം നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായിട്ടാണ് എല്ലാ വർഷവും ജനുവരി 26-ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

 

റിപ്പബ്ലിക്ക് ദിനത്തിന്റെ ചരിത്രം മനസ്സിലാക്കണമെങ്കില്‍ നമ്മള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലം മുതലുള്ള ചരിത്രം അറിയേണ്ടതാണ്. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ അന്ന് സ്വന്തമായി നിയമങ്ങളോ ഭരണഘടനയോ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. ആദ്യത്തെ കുറച്ച്‌ വർഷങ്ങളില്‍, രാജ്യം ബ്രിട്ടീഷ് നിയമങ്ങളായിരുന്നു പിന്തുടർന്നിരുന്നത്. അപ്പോഴാണ് ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആവശ്യം മുന്നോട്ട് വന്നത്. വർഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 1949 നവംബർ 26-ന് ഇന്ത്യൻ ഭരണഘടന ഭരണഘടനാ അസംബ്ലി അംഗീകരിച്ചു.ഡോ: ബി.ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലിയാണ് രാജ്യത്തിനായി ഭരണഘടന തയ്യാറാക്കിയത്. എന്നാല്‍ ഇത് ഉടനടി പ്രാബല്യത്തില്‍ വന്നില്ല, പിന്നീട് 1950 ജനുവരി 26-നാണ് ഇന്ത്യ ഔദ്യോഗിക റിപ്പബ്ലിക്കായി മാറിയതും ഇന്ത്യൻ ഭരണഘടന നിലവില്‍ വരുന്നതും. അന്നുമുതല്‍ ജനുവരി 26 റിപ്പബ്ലിക് ദിനമായി നമ്മള്‍ ഭാരതീയർ ആഘോഷിക്കുന്നു.

 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ജവഹർലാല്‍ നെഹ്‌റു ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് പൂർണ സ്വരാജ് എന്നൊരു പ്രസ്ഥാനം പ്രഖ്യാപിക്കുകയും പിന്നീടിത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഇങ്ങനെയൊരു പ്രത്യേകതയുള്ള ദിനമായതിനാലാണ് റിപ്പബ്ലിക്ക് ദിനം ആചരിക്കാൻ ഈ ദിവസം തന്നെ തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയിലാണ് ആഘോഷപൂർണ്ണമായ റിപ്പബ്ലിക്ക് ദിന ചടങ്ങുകള്‍ നടക്കുന്നത്. എല്ലാ വർഷവും, റിപ്പബ്ലിക് ദിന പരേഡിനായി ആയിരക്കണക്കിന് ആളുകളാണ് ഡല്‍ഹിയിലെ രാജ്പഥില്‍ ഒത്തുകൂടുന്നത്. ഇത് ഇന്ത്യൻ സംസ്കാരത്തിൻ്റെയും സൈനിക ശക്തിയുടെയും, ഐക്യത്തിൻ്റെയും ഒത്തുചേരല്‍ കൂടിയാണ്. ദേശീയ ഗാനത്തിന്റെ അകമ്പടിയില്‍ രാഷ്‌ട്രപതി പതാക ഉയർത്തുന്നതോടെയാണ് ആഘോഷം ആരംഭിക്കുന്നത്. തുടർന്ന് ഓരോ സംസ്ഥാനത്തുനിന്നുമുള്ള സൈനിക യൂണിറ്റുകള്‍, പോലീസ് സേനകള്‍, അണിനിരക്കുന്ന മാർച്ച്‌-പാസ്റ്റ്. ഇതിനൊപ്പം പരേഡില്‍ ഇന്ത്യൻ സൈന്യത്തിന്റെ ടാങ്കുകളും മിസൈലുകളും ഫൈറ്റർ ജെറ്റുകളും ചേർന്ന വിസ്മയകരമായ പ്രകടനവുമുണ്ട്. അതിർത്തികള്‍ സംരക്ഷിക്കാനുള്ള സൈന്യത്തിന്റെ സന്നദ്ധതയുടെയും പ്രതിബദ്ധതയുടെയും ഓർമ്മപ്പെടുത്തലാണ് ഈ ശക്തിപ്രകടനം. സമൂഹത്തിനും രാജ്യത്തിനും സംഭാവനകള്‍ നല്‍കിയ പൗരന്മാരെ ആദരിക്കുന്നതിനായി റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി ഗാലൻട്രി അവാർഡുകളും നല്‍കുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ കുട്ടികളും കലാകാരന്മാരും അവതരിപ്പിക്കുന്ന സാംസ്‌കാരിക പ്രകടനവും വ്യോമസേനയുടെ മനോഹര ആകാശ ദൃശ്യവും ഈ ദിനത്തിന് മാറ്റ് കൂട്ടുന്നു.

 

വൈവിധ്യമാർന്ന ഭാഷകള്‍, സംസ്കാരങ്ങള്‍, മതങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ ഒത്തുചേർന്ന രാജ്യമാണ് നമ്മുടേത്. റിപ്പബ്ലിക് ദിനം എല്ലാ ഇന്ത്യക്കാർക്കും തങ്ങളുടെ രാഷ്ട്രത്തിനെ ഓർത്ത് അഭിമാനിക്കാനുമുള്ള നിമിഷമാണ്. ദേശീയഗാനത്തോടെ ത്രിവർണ പതാക കാറ്റില്‍ പറന്നുയരുന്ന കാഴ്ച, സൈനികരുടെയും , വ്യോമസേനയുടെയും പ്രകടനം ഇവയെല്ലാം ദേശസ്നേഹവും, അഭിമാനവുമാണ് ഓരോ ഇന്ത്യക്കാരനിലും ഉണ്ടാക്കുന്നത് .നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ ഈ ആഘോഷത്തില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍, സൈനികർ ഉള്‍പ്പടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഓരോരുത്തരെയും നമ്മള്‍ ഓർമ്മിക്കുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *