മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് പരിക്കുകൾ മൂലമെന്ന് വനം വകുപ്പ് സിസിഎഫ് ദീപയും, ഡോ.അരുൺ സക്കറിയയും വ്യക്തമാക്കി. മറ്റൊരു കടുവയുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നുണ്ടായ പഴക്കമുള്ള മുറിവുകളാണ് കടുവയുടെ ദേഹത്തുണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനമെന്നും അതോടൊപ്പം പുതുതായി ചില ചെറിയ മുറിവുകളും ദേഹത്തുള്ളതായി വനം വകുപ്പ് പറഞ്ഞു. പോസ്റ്റ് മോർട്ടത്തിൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏകദേശം ആറ് വയസുള്ള പെൺകടുവയാണ് ചത്തത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ പഞ്ചാരക്കൊല്ലി മൂന്ന് റോഡ് ഭാഗത്ത് വനം വകുപ്പ് കടുവയെ കണ്ടിരുന്നു. തുടർന്ന് പുലർച്ചെ രണ്ടര വരെ മയക്കുവെടി സംഘം കടുവയുടെ പിന്നാലെ ഉണ്ടായിരുന്നു. എന്നാൽ രാത്രിയായതിനാൽ വെടിവെക്കാൻ കഴിഞ്ഞില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.