പനമരം: പനമരം ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. മുസ്ലിം ലീഗിന്റെ ലക്ഷ്‌മി ആലക്ക മുറ്റം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫ് നിർദേശിച്ച രജിത വിജയനെ പത്തിനെതിരെ 12 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ലക്ഷ്‌മി പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കിയത്.22-ാം വാർഡ് വെള്ളരി വയലിൽ നിന്നും വിജയിച്ച അംഗമാണ് ലക്ഷ്‌മി. നേരത്തെ ജനതാദൾ സെക്കുലർ സ്ഥാനാർത്ഥിയായി വിജയിച്ച ബെന്നി ചെറിയാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ലക്ഷ്‌മി വിജയിച്ചത്. 23 അംഗങ്ങൾ ഉള്ള പനമരം ഗ്രാമപഞ്ചായത്തിൽ നേരത്തെ എൽഡിഎഫ് 11, യുഡിഎഫ് 11, ബിജെപി 1 എന്നിങ്ങനെയായിരുന്നു കക്ഷി നില യുഡിഎഫിനും എൽഡിഎഫിനും തുല്യവോട്ട് കിട്ടിയതോടെ നറുക്കെടുപ്പിലൂടെയായിരുന്നു നേരത്തെ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ അവിശ്വാസ പ്രമേയത്തിലൂടെയായിരുന്നു സിപിഐഎം പ്രതിനിധിയെ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും നീക്കിയത്.