മാനന്തവാടി: അന്യ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നടന്നത് ഞ്ഞെട്ടിക്കുന്ന അരുംകൊല. പ്രതിയായ മുഹമ്മദ് ആരിഫ് അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഖീബിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം അരഭാഗത്ത് വെച്ച് മുറിച്ച് രണ്ടാക്കി ബാഗിലേക്കും കാർഡ് ബോർഡ്ബോക്സ്‌സിലേക്ക് മാറ്റുകയായിരുന്നുവെന്ന് സൂചന. രക്തം പുറത്ത് വരാതിരിക്കാനുള്ള നടപടികളും പ്രതി സ്വീകരിച്ചിരുന്നു. വെള്ളിലാടിയിൽ ഇവർ താമസിച്ചു വന്നിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചായിരുന്നു കൊലയെന്നാണ് മൊഴി. തുടർന്ന് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തിയ ശേഷം സുഹൃത്തായ ആസാം സ്വദേശിയുടെ ഓട്ടോ വിളിച്ചു വരുത്തി ബാഗും, കാർഡ് ബോർഡ് ബോക്സും അതിൽ കയറ്റി മൂളിത്തോട് എത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇയ്യാളെ തിരികെ ക്വാർട്ടേഴ്‌സിലെത്തിച്ച ശേഷം ഓട്ടോ ഡ്രൈവർ വെള്ളമുണ്ട പോലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മുഖീബിന് ആരിഫിൻ്റെ ഭാര്യയോടുള്ള അടുപ്പമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. ആ സ്ത്രീയേയും പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്. മാനന്തവാടി ഡി വൈ എസ് പിയുടെ ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം. കെ സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പുലർച്ചെയോടെ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി
അന്യ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; നടന്നത് അരുംകൊല മൃതദേഹം മുറിച്ച് രണ്ടാക്കി ബാഗിലേക്കും കാർഡ് ബോർഡ്ബോക്സ്‌സിലേക്കും മാറ്റി
