കോട്ടയത്ത് മർദനമേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

കോട്ടയം : ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ്(27) നെ രാത്രി പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ഷിജിയുടെ ഉടമസ്ഥതയിലുള്ള സംഘം പിടികൂടി. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.

 

തിങ്കളാഴ്ച പുലർച്ചെ ഏറ്റുമാനൂർ തെള്ളകം എക്സ്കാലിബർ ബാറിന് സമീപമായിരുന്നു സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിബിൻ കാരിത്താസിലെ തട്ടുകടയിൽ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്താണ് പോലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയിൽ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബി പൊലീസ് ശ്യാം എത്തിയെന്നും , പ്രശ്നം ഉണ്ടാക്കിയാൽ അകത്ത് കിടക്കുമെന്നും പറഞ്ഞു. ഇതോടെ ക്ഷുഭിതനായ പ്രതി ശ്യാമിന് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്യാമിനെ മർദ്ദിച്ച പ്രതി , ഇയാൾ നിലത്ത് വീണതോടെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു.

ഈ അക്രമ സംഭവങ്ങൾ കണ്ടാണ് രാത്രി പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുമരകം സ്റ്റേഷൻ ഓഫീസർ ഇൻസ്പെക്ടർ കെ എസ് ഷിജി സ്ഥലത്ത് എത്തിയത്. പോലീസ് വാഹനം കണ്ട ഉടൻ തന്നെ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ പിന്നാലെ ഓടിയ പോലീസ് സംഘം പ്രതിയെ പിടികൂടി. ഇതിന് ശേഷം പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ശ്യാം ജീപ്പിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി രണ്ട് മണിക്ക് ശ്യാമിൻ്റെ മരണം സംഭവിച്ചു.

 

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാമപ്രസാദ്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കാരിത്താസ് ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും എത്തി.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *