മുംബൈ : ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. 150 റണ്‍സിനാണ് ഇന്ത്യ, പരമ്പരയിലെ അവസാനമത്സരം വിജയിച്ചത്. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സ് മാത്രമെടുത്ത് ഓള്‍ ഔട്ടായി. ഇതോടെ 4-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ഓപ്പണര്‍ ഫില്‍ സാള്‍ട്ട് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍, ഇംഗ്ലണ്ട് നിരയില്‍ മറ്റാര്‍ക്കും സാള്‍ട്ടിന് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. സാള്‍ട്ട് നിലയുറപ്പിക്കാന്‍ ശ്രമിക്കുന്തോറും ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.
ഫില്‍ സാള്‍ട്ട് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍, ബെന്‍ ഡക്കറ്റ് ആദ്യ പന്തില്‍ തന്നെ പുറത്തായി. പിന്നാലെ വന്ന ജോസ് ബട്‌ലര്‍ ഏഴ് പന്തില്‍ ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ത്ത് പുറത്തായി. നാല് പന്തില്‍നിന്ന് രണ്ട് റണ്‍സ് മാത്രം നേടിയ ഹാരി ബ്രൂക്ക്, രവി ബിഷ്‌ണോയിയുടെ പന്തില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ക്യാച്ച് നല്‍കി പുറത്തായി.
അഞ്ചാം ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരുവിക്കറ്റിന് 80 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍, രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അഞ്ചോവറില്‍ രണ്ടുവിക്കറ്റിന് 59 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഏഴാം ഓവറിലെ ആദ്യപന്തില്‍ തന്നെ ഇംഗ്ലണ്ടിന് നാലാം വിക്കറ്റ് നഷ്ടമായി. അഞ്ചുപന്തില്‍ ഒന്‍പതു റണ്‍സ് മാത്രം നേടിയ ലിയാം ലിവിങ്‌സറ്റണ്‍, വരുണ്‍ ചക്രവര്‍ത്തിയുടെ ബോളില്‍ റിങ്കു സിങ്ങിന് ക്യാച്ച് നല്‍കിയാണ് കൂടാരം കയറിയത്. ആറാം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സ് നേടിയാണ് സാള്‍ട്ട് അര്‍ധ സെഞ്ചുറി തികച്ചത്. 21 പന്തിലായിരുന്നു സാള്‍ട്ടിന്റെ അര്‍ധ സെഞ്ചുറി നേട്ടം. അര്‍ധസെഞ്ചുറിക്ക് പിന്നാലെ ഫില്‍ സാള്‍ട്ടും (23 പന്തില്‍ 55) പുറത്തായി.
ജേക്കബ് ബേഥല്‍ (ഏഴ് പന്തില്‍ 10 റണ്‍സ്) മാത്രമാണ് ഫില്‍ സാള്‍ട്ടിന് പുറമേ ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്. ബ്രൈഡണ്‍ കാഴ്‌സ് (നാല് പന്തില്‍ മൂന്ന് റണ്‍സ്), ജെയ്മി ഓവര്‍ടണ്‍ (മൂന്നുപന്തില്‍ ഒരു റണ്‍സ്), ആദില്‍ റാഷിദ് (ആറു പന്തില്‍ ആറു റണ്‍സ്), മാര്‍ക്ക് വുഡ് (ഒരു പന്തില്‍ പൂജ്യം) എന്നിവരും പെട്ടെന്ന് തന്നെ പുറത്തായി.
ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റു നേടി. വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും അഭിഷേക് ശര്‍മയും രണ്ടുവീതം വിക്കറ്റു നേടി. രവി ബിഷ്‌ണോയി ഒരു വിക്കറ്റു വീഴ്ത്തി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പതു വിക്കറ്റുനഷ്ടത്തിൽ 247 നേടിയിരുന്നു. അഭിഷേക് ശർമയുടെ അതിവേഗ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ നേടിയത്. 54 പന്തിൽ 135 റൺസ് നേടിയ അഭിഷേക്, ടി20-യിൽ ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാം സെഞ്ചുറിയെന്ന റെക്കോർഡും സ്വന്തമാക്കി. 35 പന്തിൽ സെഞ്ചുറി തികച്ച രോഹിത് ശർമയാണ് ഈ നേട്ടത്തിൽ അഭിഷേകിന്റെ മുന്നിലുള്ളത്. 37 പന്തിലായിരുന്നു അഭിഷേക് ശർമ നൂറ് തൊട്ടത്ത്_.
ഇന്ത്യൻ നിരയിൽ ശിവം ദുബെ (13 പന്തിൽ 30), തിലക് വർമ (15 പന്തിൽ 24), സഞ്ജു സാംസൺ (ഏഴ് പന്തിൽ 16), അക്‌സർ പട്ടേൽ (11 പന്തിൽ 15) എന്നിവരാണ് രണ്ടക്കം കടന്നത്. മൂന്നു പന്തിൽ രണ്ടു റൺസ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പരമ്പരയിലുടനീളം പരാജയമായി. ആറ് പന്തിൽ ഒമ്പതുറൺസ് വീതം നേടിയ ഹാർദിക് പാണ്ഡ്യയും റിങ്കു സിങ്ങും നിരാശപ്പെടുത്തി. മികച്ച തുടക്കത്തോടെ പ്രതീക്ഷ നൽകിയെങ്കിലും മലയാളി താരം സഞ്ജു പതിവ് പിഴവ് ആവർത്തിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. ജോഫ്ര ആർച്ചറുടെ ആദ്യ ഓവറിൽ തകർത്തടിച്ചാണ് സഞ്ജു തുടങ്ങിയത്. ആദ്യ പന്തിൽ സിക്‌സോടെയാണ് തുടങ്ങിയത്. ആദ്യ ഓവറിൽ പിറന്നത് രണ്ട് സിക്‌സും ഒരു ഫോറും അടക്കം 16 റൺസ്. രണ്ടാം ഓവറിൽ നേരിട്ട അടുത്ത പന്തിൽ സഞ്ജു 16 റൺസ് എടുത്ത് പുറത്താവുകയായിരുന്നു. പേസർ മാർക് വുഡ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ജോഫ്ര ആർച്ചർക്ക് ക്യാച്ച് നൽകിയായിരുന്നു സഞ്ജു മടങ്ങിയത്. ഷോർട്ട് പിച്ച് ബോളിൽ പുൾഷോട്ടിന് ശ്രമിച്ചാണ് പതിവ് പോലെ സഞ്ജു പുറത്തായത് .
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡണ്‍ കാഴ്സ് മൂന്നുവിക്കറ്റ് നേടി. മാര്‍ക്ക് വുഡ് രണ്ടുവിക്കറ്റും ജോഫ്രാ ആര്‍ച്ചറും ജെയ്മി ഓവര്‍ടണും ആദില്‍ റാഷിദും ഓരോ വിക്കറ്റുവീതവും വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ ജോഫ്ര ആര്‍ച്ചറാണ് ഇംഗ്ലണ്ട് നിരയില്‍ കൂടുതല്‍ റണ്‍സ് .
വാങ്കഡെയിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽനിന്ന് ഓരോ മാറ്റങ്ങളോടെയാണ് ഇരുടീമുകളും ഇറങ്ങിയത്. ഇംഗ്ലണ്ട് നിരയിൽ സാക്കിബ് മഹ്‌മൂദിന് പകരം മാർക് വുഡ് തിരിച്ചെത്തി. അർഷദീപ് സിങ്ങിന് പകരം ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമി ടിമീലെത്തി.