കാസർകോട്: കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാര കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോ(43)യാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 8 മണിയോടെ പിതാവിൻ്റെ സഹോദരിയുടെ രാജഗിരിയിലെ വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി. വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ലിൻ കഷണങ്ങളടക്കം തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്ന് പറയുന്നു. ഉടൻ ചെറുപുഴ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിരിയാണി കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചതായും സംശയിക്കുന്നു. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തമായ കാരണം അറിയാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.