കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുടർചികിത്സാ പദ്ധതിക്ക് വ്യാഴാഴ്ച്ച തുടക്കമാകും. പൂക്കോയ തങ്ങൾ ഹോസ്പൈസ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്ക് സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ദുരന്തമുണ്ടായ സമയത്ത് സിപ് ലൈൻ വഴി ദുരന്ത ബാധിർക്ക് മരുന്നും ഭക്ഷണവും പ്രാഥമിക ശുശ്രൂഷയും നൽകിയ അഞ്ചിൻൽ നാലു പേരും പൂക്കോയ തങ്ങൾ ഹോസ്പൈസ് പാലിയേറ്റീവ് കെയർ നഴ്സുമാരും സന്നദ്ധ പ്രവർത്തകരും ആയിരുന്നു. ഒന്നാംഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം പി ടി എച്ചിൻ്റെ നേതൃത്വത്തിൻ മെഗാ ഹോം കെയർ ഡ്രൈവ് നടത്തി. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള 34 ഹോം കെയർ വാഹനങ്ങളിലായി 34 നഴ്സുമാർ, സൈക്കോളജിസ്റ്റുകൾ, പരിശീലനം ലഭിച്ച വളണ്ടിയർമാർ, ഡോക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഹോം കെയറിൻ്റെ അപഗ്രഥന അടിസ്ഥാനത്തിലാണ് തുടർചികിത്സാ പദ്ധതി നടപ്പിലാക്കുന്നത്.
പ്രസ്തുത റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 80% ആളുകൾ പലഭാഗങ്ങളിലായി ചിന്നിചിതറിപ്പോയി.73 ശതമാനം കുടുംബങ്ങൾക്ക് നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. 20 ശതമാനം പേർക്ക് കുട്ടികളെ നഷ്ടമായി. 40 ശതമാനം പേർ പ്രമേഹ ബാധിതരാണ്. 28 ശതമാനം മനുഷ്യർക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. 50 ശതമാനം പേർ ഇപ്പോഴും പലവിധ വേദനകൊണ്ട് പ്രയാസപ്പെടുന്നുണ്ട്. 45 ശതമാനം മനുഷ്യർക്ക് ഇപ്പോഴും ശരിയായ ഉറക്കം ലഭിക്കാറില്ല. മെഗാ ഹോം കെയർ റിപ്പോർട്ട് ഇക്കാര്യം വളരെ വ്യക്തമാക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തുടർ ചികിത്സാ പദ്ധതിയുടെ വിപുലമായ രൂപരേഖ തയാറാക്കിയത്. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ നിലവിൽ ദീർഘകാലമായി മരുന്നുകൾ കഴിക്കുന്നവരും അപകടത്തിൽ പരിക്ക് പറ്റിയവരും മാത്രമാണ് ഈ പദ്ധതിയിലെ ഗുണഭോക്താക്കളാവു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി പാലക്കുന്നുമ്മൽ അഷ്താഖ് സംഭാവന നൽകിയ ഹോം കെയർ വാഹനവും ഓഫീസും പ്രവർത്തന സജ്ജമാണ്. ഗൃഹ കേന്ദ്രീകൃത പരിചരണനത്തിനാവശ്യമായ ഡോക്ടർ, നഴ്സ്, വളണ്ടിയർമാർ, മരുന്നുകൾ ഉൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.
തുടർ ചികിത്സയുടെ ഭാഗമായി ഗൃഹകേന്ദ്രീകൃത പരിചരണത്തോടൊപ്പം ആവശ്യമായ കേസുകളിൽ വിദഗ്ധ ചികിത്സ നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 4 ന് എമിലിലെ പാലക്കുന്നിൽ ടവറിൽ നടക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി ടി എച്ച് സംസ്ഥാന കോർഡിനേറ്റർ & സി എഫ് ഒ ഡോ എം എ അമീറലി പദ്ധതി വിശദീകരിക്കും.
മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ സി മമ്മൂട്ടി, കെ എം ഷാജി, ഉപസമിതി ചെയർമാൻ പി കെ ബഷീർ എം എൽ എ , ജില്ലാ ഭാരവാഹികളായ കെ കെ അഹമ്മദ് ഹാജി, ടി മുഹമ്മദ്, പി ടി എച്ച് സംസ്ഥാന സമിതി ട്രഷറർ വി എം ഉമ്മർ മാസ്റ്റർ പി കെ ഫിറോസ്, ഇസ്മായിൽ വയനാട്, ടി പി എം ജിഷാൻ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പി ടി എച്ച് ജില്ലാ കൺവീനർ സമദ് കണ്ണിയൻ, തുടർ ചികിത്സാ ഉപസമിതി കൺവീനർ കെ ടി കുഞ്ഞബ്ദുല്ല, ട്രഷറർ സലീം പാലക്കുന്നിൽ എന്നിവർ സംസാരിച്ചു.