കാൽനട യാത്രക്കാർ റോഡ് കുറുകെ കടക്കുമ്പോൾ സീബ്രാ ക്രോസിംഗിൽ കുതിച്ച് പായേണ്ട, പിടി വീഴും. വഴിയാത്രക്കാർ സീബ്രാ ലൈനിലൂടെ കടക്കുമ്പോൾ അമിത വേഗത്തിൽ പോകുന്ന വാഹന ഡ്രൈവർമാരെ കുടുക്കാൻ മോട്ടർ വാഹന വകുപ്പ് പരിശോധന കടുപ്പിച്ചു. മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനങ്ങൾ തുടർക്കഥയായതോടെയാണ് നിയമ നടപടികൾ കർശനമാക്കുന്നത്. യാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ അവരെ പരിഗണിക്കാതെ വാഹനങ്ങൾ ചീറിപ്പായുന്നത് നിത്യസംഭവമാണ്. റോഡ് മുറിച്ചുകടക്കാൻ റോഡിലേക്ക് പ്രവേശിക്കുന്നവർ അമിത വേഗത്തിൽ പാഞ്ഞെത്തുന്ന വാഹനങ്ങളെ ഭയന്ന് തിരികെ ഓടേണ്ട അവസ്ഥയാണ്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ കാൽനട യാത്രക്കാർ ശ്രമിക്കുന്നത് കണ്ടാൽ സീബ്ര ലൈനിനു മുൻപുള്ള സ്റ്റോപ് ലൈനിൽ വണ്ടി നിർത്തിയിട്ടു കാക്കണമെന്നാണ് ചട്ടം. എന്നാൽ ആളുകൾ നടന്ന് പകുതി ദൂരമെത്തുമ്പോഴേക്കും വാഹനങ്ങൾ തലങ്ങും വിലങ്ങും കടന്നു പോകും. മാഞ്ഞ് തുടങ്ങിയ സീബ്രലെെനുകളിൽ കൂടെ മുറിച്ച് കടക്കുന്നത് അതിലേറെ കഷ്ടമാണ്. പരിചയമില്ലാത്ത ഡ്രൈവർമാർ സീബ്രാലൈൻ കാണാതെ പോകുന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. സ്‌കൂൾ പരിസരങ്ങളിൽ പോലും വാഹനങ്ങൾ വേഗത നിയന്ത്രിക്കാത്ത സ്ഥിതിയുണ്ട്. വാഹനങ്ങൾ തങ്ങളെ കണ്ടാൽ നിർത്തുമെന്നാണ് ധാരണ മൂലം നടയാത്രക്കാർ മുറിച്ച് കടക്കുന്നനതും പതിവാണ്. ഇതും അപകടങ്ങൾ ക്ഷണിച്ചു വരുത്തും.
കാൽ നടയാത്രക്കാർക്കും ശ്രദ്ധ വേണം
1. ഇരുവശത്തു നിന്നും വാഹനങ്ങൾ വരുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം മുറിച്ചു കടക്കുക
2. വേഗത്തിൽ വരുന്ന വാഹനത്തിന് നേരെ കൈ കാണിച്ച ശേഷം ക്രോസ് ചെയ്യുന്നതിന് പകരം ആ വാഹനത്തിന് ബ്രേക്ക് ചെയ്ത് നിർത്താനുള്ള സാവകാശം നൽകുക
3. അലക്ഷ്യമായി മൊബൈൽ ഫോണിൽ സംസാരിച്ച് റോഡ് മുറിച്ചു കടക്കാതിരിക്കുക
4. ട്രാഫിക് സിഗ്‌നലുകളിൽ അനുവദിച്ചിട്ടുള്ള സമയത്ത് മാത്രം റോഡ് ക്രോസ് ചെയ്യുക
തടഞ്ഞ് നിറുത്തി പിഴ അടപ്പിക്കുന്ന രീതി സീബ്ര ലൈൻ നിയമ ലംഘന കേസിൽ സാദ്ധ്യമല്ല. പിഴ കോടതിയിലാണ് അടയ്ക്കേണ്ടത്. നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് കോടതിക്ക് കൈമാറുകയും ശേഷം കോടതിയിൽ നിന്ന് നോട്ടിസ് ലഭിക്കുന്നതു വരെ കാത്തിരിക്കുകയും വേണം. കേസ് തീരും. വരെ വാഹന കൈമാറ്റം, പെർമിറ്റ് പുതുക്കൽ, ഫിറ്റ്നസ് എടുക്കൽ നടക്കില്ല.പലയിടങ്ങളിലും സീബ്രാലൈനുകൾ മാഞ്ഞു തുടങ്ങിയതും കാൽ നടയാത്രികരെ ബുദ്ധിമുട്ടിക്കുകയാണ്.