ബംഗളൂരു: ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴ് വയസുകാരന്റെ മുറിവിൽ ഫെവി ക്വിക്ക് വെച്ച് ഒട്ടിച്ച നഴ്സിന് സസ്പെൻഷൻ. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു നഴ്സിന്റെ സസ്പെൻഷൻ സംബന്ധിച്ച തീരുമാനമുണ്ടായത്. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മീഷണറുടെ റിപ്പോർട്ട് അനുസരിച്ച് മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത ഫെവി ക്വിക്ക് പശ കുട്ടിയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചതിനാണ് നഴ്സിനെ സസ്‌പെൻഡ് ചെയ്തത്.
ജനുവരി 14ന് ഹാവേരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രാഥമികാന്വേഷണത്തിൽ തന്നെ നഴ്സിന് വീഴ്ച സംഭവിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. കവിളിലെ മുറിവ് ചികിത്സിക്കാനായിരുന്നു കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചത്. മുറിവിൽ തുന്നലിട്ടാൽ പാട് മാറില്ലെന്ന് പറഞ്ഞ് നഴ്സ് ഫെവി ക്വിക്ക് കൊണ്ട് ഒട്ടിക്കുകയായിരുന്നു. സംഭവസമയം തന്നെ കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും താൻ ഇത് ഏറെ കാലമായി ചെയ്യുന്നതാണെന്നായിരുന്നു നഴ്സിന്റെ പ്രതികരണം. എന്നാൽ കുട്ടിയുടെ കുടുംബം സംഭവത്തിന്റെ വീഡിയോ പകർത്തുകയും പരാതി നൽകുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നഴ്സിനെ ആദ്യം സ്ഥലം മാറ്റുകയാണുണ്ടായത്. എന്നാൽ വിമർശനങ്ങൾ കനത്തതോടെ സസ്പെൻഡ് ചെയ്യുകയായിരുന്നു. അതേസമയം കുട്ടിയുടെ ആരോഗ്യ നില തൃപ്തികരണമാണെന്ന് ഡോക്ടർമാർ അറിയിച്ചു.