ഷാരോൺ വധക്കേസ് : ഗ്രീഷ്മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

കൊച്ചി ∙ പാറശാല ഷാരോൺ വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനെതിരെ പ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ മൂന്നാം പ്രതിയും 3 വർഷം തടവിനു വിധിക്കപ്പെട്ട ഗ്രീഷ്‍മയുടെ അമ്മാവൻ നിർമലകുമാരൻ നായരുടെ ശിക്ഷ മരവിപ്പിച്ചു ജാമ്യവും അനുവദിച്ചു. മുൻ വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണു ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവര്‍ മൂന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ചത്.

ആണ്‍ സുഹൃത്തായ പാറശാല സമുദായപ്പറ്റു ജെ.പി.ഭവനിൽ ഷാരോണ്‍ രാജിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2022 ഒക്ടോബർ 14നു ഗ്രീഷ് കളനാശിനി കലർത്തിയ കഷായം നൽകുകയും ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25നു മരിക്കുകയുമായിരുന്നു. തുടർന്നു ഗ്രീഷ്മയ്ക്കു നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. അമ്മാവൻ നിർമലകുമാരൻ നായർക്കു 3 വർഷത്തെ കഠിനതടവും ശിക്ഷ വിധിച്ചു. ഇതിനെതിരെയാണു ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

 

മൂന്നാം പ്രതിയുടെ ശിക്ഷാ കാലാവധി 3 വർഷം മാത്രമാണ്. നിലവിലെ സാഹചര്യത്തിൽ ഈ ശിക്ഷാ കാലാവധി തീരുന്നതിനു മുമ്പു കേസിൽ തീർപ്പുണ്ടാകാൻ സാധ്യതയില്ല എന്നതിനാൽ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിക്കുകയാണു മുന്‍ കേസുകളിൽ ചെയ്തിട്ടുള്ളത്. ഇതേ കാര്യം തന്നെ ഈ കേസിലും പിന്തുടരുന്നു എന്നു വ്യക്തമാക്കിയാണ് കോടതിയുടെ ഉത്തരവ്. ഗ്രീഷ്മയുടെയും അമ്മാവന്റെയും ഹർജികളിൽ മറുപടി അറിയിക്കാൻ സർക്കാരിനും നിർദേശം നൽകി.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *