തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ഇന്ന് രാവിലെ 9ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും. തദ്ദേശ-നിയമസഭതിരഞ്ഞെടുപ്പുകൾക്ക് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റായതിനാൽ ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നതുൾപ്പെടേയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത.
ക്ഷേമ പെൻഷൻ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. 150 മുതൽ 200 രൂപ വരെ കൂട്ടി നൽകുമെന്നാണ് പ്രതീക്ഷ. 1 2-ാം ശമ്പള പരിഷ്കരണ കമ്മീഷൻ സംബന്ധിച്ച പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
വിവിധ സേവന നിരക്കുകൾ കൂടാനിടയുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി മുൻനിർത്തിയുള്ള വികസന പദ്ധതി പ്രഖ്യാപനങ്ങൾക്കും വയനാട് പുനരധിവാസ പാക്കേജിനും ബജറ്റിൽ ഊന്നലുണ്ടാകും. സ്വകാര്യ നിക്ഷേപങ്ങളും സ്റ്റാർട്ടപ്പുകളും മുതൽ സ്വകാര്യ സർവ്വകലാശാലകളടക്കം ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തിൽ വരുമാന വർധനവിനുള്ള നിർദേശങ്ങളുമുണ്ടാകും. ഇതിനായി ഫീസുകളും പിഴത്തുകകളും വർധിപ്പിക്കും. നികുതികളുടെ വർധനവിനും പുതിയ സെസുകൾക്കും സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.