കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട ലിസ്റ്റിന് 07-02-2025 ന് ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗം അംഗീകാരം നൽകി.
26-11-2024 ലെ സ.ഉ.(സാധാ) നം. 866/2024/DMD ന്റേയും 04-02-2025 ൽ സർക്കാരിൽ നിന്നുള്ള സ്പഷ്ടീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർ, വാടകയ്ക്ക് താമസിച്ചിരുന്ന ദുരന്ത ബാധിതർ, പാടികളിൽ താമസിച്ചിരുന്ന ദുരന്ത ബാധിതർ എന്നിവർക്ക് മറ്റ് എവിടെയും വീട് ഇല്ലായെങ്കിൽ ആണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ദുരന്ത മേഖലയിൽ (നോ ഗോ സോൺ) ഉൾപ്പെട്ടതും നാശനഷ്ടം സംഭവിച്ചിട്ടില്ലാത്തതുമായ വീടുകൾ, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകൾ, ദുരന്തം മൂലം ഒറ്റപ്പെട്ടതായ വീടുകൾ മുതലായവ രണ്ടാംഘട്ട ലിസ്റ്റിൽ ഉൾപ്പെടുന്നതായിരിക്കും.
വാർഡ് 10ൽ കരട് ലിസ്റ്റിൽ 50 പേരും, ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ ഒരാളും അടക്കം മൊത്തം 51 പേരും, വാർഡ് 11ൽ കരട് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന 79 പേരും ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ 4 പേരും അടക്കം മൊത്തം 83 പേരും, വാർഡ് 12 ൽ കരട് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന 106 പേരും, ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ 2 പേരും അടക്കം മൊത്തം 108 പേരും ആണ് ഗുണഭോക്തൃ പട്ടികയിലുള്ളത്. ഇത്തരത്തിൽ കരട് പട്ടികയിൽ നിന്നുള്ള 235 പേരും ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ആകെ 7 പേരും അടക്കം മൊത്തം 242 പേരുടെ അന്തിമ ഒന്നാംഘട്ട പട്ടികയാണ് ഇപ്പോൾ അംഗീകരിച്ചിട്ടുള്ളത്.
അന്തിമ ലിസ്റ്റിൻമേൽ പരാതികളും ആക്ഷേപങ്ങളും ഉള്ള പക്ഷം ആയവ സർക്കാരിലെ ദുരന്ത നിവാരണ വകുപ്പിൽ സമർപ്പിക്കാവുന്നതാണ്. മേൽപ്രകാരമുള്ള ലിസ്റ്റ് വയനാട് കളക്ടറേറ്റ്, മാനന്തവാടി സബ് കളക്ടർ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വെബ്സൈറ്റുകളിലും പൊതുജനങ്ങൾക്ക് ലഭ്യമാവുന്നതാണ്.
ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ ഉടമസ്ഥർക്ക് വേറെ എവിടെയെങ്കിലും താമസ യോഗ്യമായ വീട് ഇല്ലെങ്കിൽ മാത്രമാണ് പുനരധിവാസത്തിന് അർഹരാവുക. മറ്റ് എവിടെയെങ്കിലും വീട് ഉള്ള പക്ഷം വീടുകളുടെ നാശനഷ്ടത്തിന് 4 ലക്ഷം രൂപ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം നഷ്ടപരിഹാരമായി അനുവദിക്കുന്നതായിരിക്കും.