ബത്തേരി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പെരുമണ്ണ സ്വദേശി സി കെ നിജാസി(25)നെയാണ് ബത്തേരി പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. കേസിലുള്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അബുദാബിയിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് വരും വഴിയാണ് നിജാസ് പിടിയിലാകുന്നത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ചീരാൽ സ്വദേശിയായ യുവാവിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഓൺലൈൻ ട്രേഡ് ചെയ്ത് 5 ശതമാനം മുതൽ 10 ശതമാനം വരെ ലാഭമുണ്ടാക്കി നൽകാമെന്ന് പറഞ്ഞ് ഗൂഗിൾ പേ വഴിയും അക്കാൗണ്ട് വഴിയും പണമായും 75 ലക്ഷം രൂപയോളമാണ് പ്രതികൾ വാങ്ങിയെടുത്തത്. ലാഭമോ പണമോ തിരികെ നൽകാത്തതിനെ തുടർന്ന് ചീരാൽ സ്വദേശി 2024 നവംബറിലാണ് സ്റ്റേഷനിൽ പരാതി നൽകുന്നത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് രണ്ട് പ്രതികളും ഒളിവിൽ പോവുകയായിരുന്നു. എസ്.ഐ പി.എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; 75 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി
