ദുബായ് : ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു ഗംഭീര തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന് അഞ്ചു വിക്കറ്റുകൾ നഷ്ടമായി. 18 ഓവറുകൾ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 65 റൺസെന്ന നിലയിലാണ് ബംഗ്ലദേശ് ബാറ്റു ചെയ്യുന്നത്. തൗഹിദ് ഹൃദോയും (30 പന്തിൽ 15), ജേക്കർ അലിയുമാണ് (28 പന്തിൽ 17) ക്രീസിലുള്ളത്.
തൻസിദ് ഹസൻ (25 പന്തിൽ 25), മെഹ്ദി ഹസൻ മിറാസ് (അഞ്ച്), സൗമ്യ സർക്കാർ (പൂജ്യം), നജ്‌മുൽ ഹുസെയ്ൻ ഷന്റോ (പൂജ്യം), മുഷ്‌ഫിഖർ റഹീം (പൂജ്യം) എന്നിവരാണു പുറത്തായത്. അഞ്ചു പന്തുകൾ നേരിട്ട ഓപ്പണർ സൗമ്യ സർക്കാരാണു ആദ്യം പുറത്തായത്. മുഹമ്മദ് ഷമിയുടെ ഓവറിലെ അവസാന പന്തു നേരിട്ട സൗമ്യ സർക്കാരിന്റെ ബാറ്റിൽ എഡ്ജായ പന്ത് വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ പിടിച്ചെടുക്കുകയായിരുന്നു. ഹർഷിത് റാണയുടെ രണ്ടാം ഓവറിൽ വിരാട് കോലി ക്യാച്ചെടുത്ത് ബംഗ്ലദേശ് ക്യാപ്റ്റനും പുറത്തായി. ഷമിയെറിഞ്ഞ ഏഴാം ഓവറിൽ മെഹ്ദി ഹസനെ ഗിൽ ക്യാച്ചെടുത്തു മടക്കി.
ഒൻപതാം ഓവറിൽ പന്തെറിയാനെത്തിയ സ്‌പിന്നർ അക്ഷർ പട്ടേൽ രണ്ടാം പന്തിൽ വിക്കറ്റെടുത്തു. ബംഗ്ലദേശ് നിരയിൽ കുറച്ചെങ്കിലും പിടിച്ചുനിന്ന ഓപ്പണർ തൻസിദ് ഹസൻ പുറത്തായി. ബംഗ്ലദേശ് ബാറ്ററുടെ ബാറ്റിൽ എഡ്ജായ പന്ത് രാഹുൽ പിടിച്ചെടുത്തു. അംപയർ ആദ്യം ഔട്ട് അനുവദിച്ചില്ലെങ്കിലും ഇന്ത്യൻ താരങ്ങൾ അപ്പീൽ തുടർന്നതോടെ വിക്കറ്റ് നൽകി. തൊട്ടടുത്ത പന്തിൽ മുഷ്‌ഫിഖർ റഹീമും സമാന രീതിയിൽ ഗോൾഡൻ ഡക്കായി. അടുത്ത പന്തിൽ ജേക്കർ അലിയെ പുറത്താക്കി ഹാട്രിക് തികയ്ക്കാനുള്ള അവസരം അക്ഷറിനു ലഭിച്ചു. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ക്യാച്ച് വിട്ടുകളയുകയായിരുന്നു.
ടോസ് വിജയിച്ച ബംഗ്ലദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷൻ്റോ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പേസർ അർഷ്ദീപ് സിങ്, സ്‌പിൻ ബോളർ വരുൺ ചക്രവർത്തി എന്നിവർ ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിക്കില്ല. കെ.എൽ. രാഹുലാണു വിക്കറ്റ് കീപ്പർ. മുഹമ്മദ് ഷമി, ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ടീമിലെ പേസർമാർ.
ഇന്ത്യ പ്ലേയിങ് ഇലവൻ – രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി.
ബംഗ്ലദേശ് പ്ലേയിങ് ഇലവൻ – തൻസിദ് ഹസൻ, സൗമ്യ സർക്കാർ, നജ്‌മുൽ ഹുസെയ്ൻ ഷന്റേറോ (ക്യാപ്റ്റൻ), തൗഹിദ് ഹൃദോയ്, മുഷ്ഫിഖർ റഹീം (വിക്കറ്റ് കീപ്പർ), ജേക്കർ അലി, മെഹ്‌ദി ഹസൻ മിറാസ്, റിഷാദ് ഹുസെയ്‌ൻ, ടസ്കിൻ അഹമ്മദ്, തൻസിം ഹസൻ, മുസ്‌തഫിസുർ റഹ്‌മാൻ.