ദുബായ്: 2025 ഐസിസി ചാമ്ബ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി മുഹമ്മദ് ഷമി. മത്സരത്തില്‍ അഞ്ചു വിക്കറ്റുകളാണ് ഷമി നേടിയത്.10 ഓവറില്‍ 53 റണ്‍സ് വഴങ്ങിയാണ് താരം അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയയത്. ഇതോടെ ഏകദിനത്തില്‍ 200 വിക്കറ്റുകള്‍ പൂർത്തിയാക്കാനും ഷമിക്ക് സാധിച്ചു.
ഈ 200 വിക്കറ്റുകള്‍ നേടിയതിന് പിന്നില്‍ മറ്റൊരു തകർപ്പൻ റെക്കോർഡും ഷമി സ്വന്തമാക്കി. എറിഞ്ഞ പന്തുകളുടെ എണ്ണത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന ബൗളറായും ഷമി മാറിയിരിക്കുകയാണ്. വെറും 5126 പന്തുകളില്‍ നിന്നാണ് ഷമി ഈ നാഴികക്കല്ല് പിന്നിട്ടത്. 5240 പന്തുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഓസ്ട്രേലിയൻ സ്റ്റാർ പേസർ മിച്ചല്‍ സ്റ്റാർക്കിനെ മറികടന്നാണ് ഷമി ഈ നേട്ടം സ്വന്തമാക്കിയത്.
ഇതിനു പുറമെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറായി മാറാനും ഷമിക്ക് സാധിച്ചു. അജിത് അഗാർക്കറുടെ റെക്കോർഡാണ് ഷമി തകർത്തത്. 104 ഏകദിനങ്ങളില്‍ നിന്നാണ് ഷമി ഈ നാഴികക്കല്ല് പിന്നിട്ടത്. അഗാർക്കർ 133 മത്സരങ്ങളില്‍ നിന്നുമാണ് 200 വിക്കറ്റുകള്‍ നേടിയത്.മത്സരത്തില്‍ ഷമിക്ക് പുറമെ ഹർഷിദ് റാണ മൂന്ന് വിക്കറ്റും അക്സർ പട്ടേല്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 228 റണ്‍സിനാണ് പുറത്തായത്.