കൽപ്പറ്റ :വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് ദമ്പതികൾ 44 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. കൽപ്പറ്റയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയിൽ നിന്നാണ് തട്ടിപ്പ് നടന്നത്. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. ഭാര്യ അന്ന ഗ്രേസ് ഓസ്റ്റിനെ പോലീസ് അന്വേഷിച്ച് വരികയാണ്. ഇവർക്ക് യുകെയിലേക്ക് കുടുംബ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് 44 ലക്ഷം രൂപ തട്ടിയെടുത്തത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്ളോഗറായ അന്ന യൂട്യൂബ്, ഇൻസ്റ്റാഗ്രാം വഴി ആളുകൾക്ക് വിദേശ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ വേറെയും പ്രതിയാണ്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യുകെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകാമെന്നും, കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഇവരുടെ വാക്ക് വിശ്വസിച്ച് പലരിൽ നിന്നും കടം വാങ്ങിയ തുകയാണ് പരാതിക്കാർ ദമ്പതികൾക്ക് നൽകിയത്. ഈ തട്ടിപ്പ് സംഘത്തിൽ വേറെയും ആളുകൾ ഉള്ളതായി പോലീസിന് സൂചനയുണ്ട്.
സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ടോയെന്നുള്ള കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഡിവൈഎസ്‌പി പി.എൽ ഷൈജു, പോലീസ് ഇൻസ്പെക്ടർ ബിജു ആൻ്റണി, എസ്.ഐ രാംകുമാർ, എസ് സി പി ഒ മാരായ ഗിരിജ, അരുൺ രാജ്, സി പി ഒ മാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.