മലപ്പുറം: തിരുവാലിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. തിരുവാലി വില്ലേജ് അസിസ്റ്റന്റ് നിയാമത്തുള്ളയാണ് പിടിയിലായത്. പട്ടയത്തിലെ തെറ്റുതിരുത്താൻ ഏഴര ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ആദ്യഗഡുവായ 50,000 രൂപ വാങ്ങുമ്പോഴാണ് ഇദ്ദേഹത്തെ വിജിലൻസ് പിടികൂടിയത്.
തിരുവാലി സ്വദേശിയാണ് പട്ടയത്തിലെ തെറ്റുതിരുത്താൻ എത്തിയത്. കൈക്കൂലിയായി ഏഴര ലക്ഷം രൂപയാണ് വില്ലേജ് അസിസ്റ്റന്റായ നിയാമത്തുള്ള ആവശ്യപ്പെട്ടത്. ആദ്യഗഡുവായി രണ്ട് ലക്ഷം രൂപ തരണമെന്നും പറഞ്ഞു. പ്രദേശവാസി അപ്പോള്‍ത്തന്നെ പരാതിയുമായി വിജിലൻസിനെ സമീപിച്ചു.
വിജിലൻസിന്റെ നിർദേശപ്രകാരം ഇയാള്‍ നിയാമത്തുള്ളയെ വിളിക്കുകയും ആദ്യഗഡുവായി 50,000 രൂപ നല്‍കാം എന്ന് പറയുകയും ചെയ്തു. ഈ തുക കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം കയ്യോടെ പിടിച്ചത്.