കണ്ണൂർ ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ. ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരാണ് ഇന്നലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും ഹർത്താൽ ആചരിക്കുകയാണ്.
വനം മന്ത്രിയുടെ അധ്യക്ഷതയിൽ ആറളത്ത് ഇന്ന് സർവകക്ഷിയോഗം ചേരും. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചു. ആദ്യഘട്ട നഷ്ടപരിഹാരം ഇന്ന് കൈമാറുമെന്ന് ജില്ലാ ഭരണകൂടം. ആറളം ഫാമിലെ ആനമതിൽ നിർമാണം വേഗത്തിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഫാമിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തണമെന്നും പതിച്ചു നൽകിയിട്ടും ഉപേക്ഷിക്കപ്പെട്ട ഭൂമിയിലെ കാട് തെളിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ ഇരുപതോളം പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. വനാതിർത്തിയിൽ ആന മതിൽ നിർമാണം രണ്ട് വർഷം മുൻപ് തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. വന്യമൃഗ ശല്യത്തെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങൾ വീടൊഴിഞ്ഞുപോയിരുന്നു. പതിമൂന്നാം ബ്ലോക്കിൽ കശുവണ്ടി ശേഖരിച്ചു മടങ്ങുമ്പോഴാണ് ഇന്നലെ ഉച്ചയോടെ വെള്ളിയെയും ലീലയെയും ആന ആക്രമിച്ചത്. വീടിനു പിന്നിൽ പതിയിരുന്ന കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ സ്ഥലത്തുതന്നെ മരിച്ചിരുന്നു.