ഹൈന്ദവ വിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷമാണ് ശിവരാത്രി. ത്രിമൂർത്തി ഒരാളായ പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു വ്രതവും ആഘോഷവുമാണ് ഇത്. ഹൈന്ദവർ ഇത് വിശേഷ ദിനമായി ആഘോഷിച്ചു വരുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് ശിവരാത്രി അനുഷഠിക്കുന്നതിലൂടെയുള്ള വിശ്വാസം.
പാലാഴി മഥന സമയത്ത് ഉയര്‍ന്നു വന്ന കാളകൂട വിഷം കഴിച്ച മഹാദേവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ച പുണ്യ ദിനമാണ് ശിവരാത്രി എന്നാണ് വിശ്വാസികള്‍ കരുതി പോരുന്നത്. ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി എന്നാണ് വിശ്വാസം. സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
ഐതീഹ്യം
അമൃത് തിരഞ്ഞുള്ള പാലാഴി മഥനത്തില്‍ ആദ്യം ഉയര്‍ന്നു വന്ന കാളകൂട വിഷം ലോകത്തെ രക്ഷിക്കുവാനായി മഹാദേവന്‍ പാനം ചെയ്തു. കാളകൂടം വിഷം ഉള്ളില്‍ ചെന്നാല്‍ ഭഗവാനും പുറത്തു ചെന്നാല്‍ ലോകത്തിനും ദോഷം ചെയ്യുമെന്നതിനാല്‍ പാര്‍വ്വതി ദേവി മഹാദേവന്റെ കണ്ഠത്തിലും വായവഴി പുറത്തുപോകാതിരിക്കുവാന്‍ വിഷ്ണു അദ്ദേഹത്തിന്റെ വായിലും പിടിച്ചു. ഇതുവഴി കാളകൂടവിഷം അദ്ദേഹത്തിന്റെ കണ്ഠത്തില്‍ ഇരിക്കുകയും അങ്ങനെ ലോകം രക്ഷപ്പെടുകയും ചെയ്തുവെന്നാണ് വിശ്വാസം. അന്നേ ദിവസം ഭഗവാനായി പാര്‍വ്വതി ദേവിയും മറ്റു ദേവഗണങ്ങളും ഉറങ്ങാതെ പ്രാര്‍ത്ഥിച്ചതിന്റെ ഓര്‍മ്മയാണ് ശിവരാത്രി എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ബലിതർപ്പണ്ണം
ശിവരാത്രിയുടെ പിറ്റേന്നുള്ള ബലിതര്‍പ്പണത്തിന് ഹിന്ദുമത വിശ്വാസ പ്രകാരം പ്രാധാന്യമേറെയാണ്. അന്ന് നടത്തുന്ന ബലി തര്‍പ്പണത്തിലൂടെ പിതൃക്കള്‍ക്ക് മോക്ഷവും ജീവിച്ചിരിക്കുന്നവര്‍ക്ക് അവരുടെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം. ആലുവ മണപ്പുറത്തെ ബലിതര്‍പ്പണവും ശിവരാത്രി ആഘോഷവും ഏറെ പ്രസിദ്ധമാണ്.
ശിവരാത്രി വ്രതം
ശിവരാത്രി ദിവസങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് വ്രതം. ശിവരാത്രിയുടെ തലേന്ന് ഒരിക്കലെടുത്ത് വ്രതത്തിന് തുടക്കം കുറിക്കും. വൈകുന്നേരം അരിയാഹാരം ഒഴിവാക്കണം. അന്നേ ദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് ദേഹശുദ്ധി വരുത്തി ശിവക്ഷേത്ര ദര്‍ശനം നടത്തണം. രാത്രി ഒരു പോള കണ്ണടക്കാതെ ഉറക്കമൊഴിച്ചാണ് വ്രതം എടുക്കേണ്ടത്. വ്രതമെടുക്കുമ്പോള്‍ പൂര്‍ണ്ണ ഉപവാസം വേണമെന്നാണെങ്കിലും ആരോഗ്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. ക്ഷേത്രത്തിലെ നേദ്യമോ കരിക്കിന്‍ വെള്ളമോ കഴിക്കുന്നത് വ്രതത്തെ ലംഘിക്കില്ല. പകല്‍ ഉറക്കവും എണ്ണതേച്ചുള്ള കുളിയും പാടില്ല. പിറ്റേന്ന് രാവിലെ ശുദ്ധിയായി ക്ഷേത്രത്തില്‍ പോകാം. ശിവന് കൂവളമാല സമര്‍പ്പിക്കുന്നതും കൂവള ഇല അര്‍ച്ചനയും ജലധാരയും ചെയ്താല്‍ ഈ ദിവസം വിശിഷ്ഠമാണെന്നാണ് കരുതുന്നത്.എല്ലാ ശിവക്ഷേത്രങ്ങളിലും ഇന്നത്തെ വിശേഷ ദിവസമാണ്. മറ്റു ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും വിവിധ പരിപാടികളും നടക്കും.