കൊച്ചി: വ്യാജ ലൈംഗികപീഡന പരാതികളിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. ലൈംഗികപീഡന പരാതിയിൽ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുതെന്നും പ്രതിയുടെ ഭാഗവും പോലീസ് അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റേതാണ് ഉത്തരവ്. നിരപരാധികൾക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന പ്രവണത നിലവിലുണ്ടെന്നും കോടതി നിരീക്ഷിച്ചു.പരാതി വ്യാജമെന്ന് കണ്ടാൽ പരാതിക്കാരിക്കെതിരെ കർശന നടപടിയെടുക്കണം. പണം നൽകിയതു കൊണ്ട് നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ലൈംഗികപീഡനക്കേസിൽ കുറ്റാരോപിതനായ ആൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ സുപ്രധാന ഉത്തരവിറക്കിയത്. മാർജിൻ ഫ്രീ മാർക്കറ്റിലെ മാനേജരാണ് ഹർജിക്കാരൻ. ജോലിയിൽ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിൻ്റെ പേരിൽ അവർ ഭീഷണിപ്പെടുത്തിയെന്ന് പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ലെന്ന് ഹർജിക്കാരൻ അറിയിച്ചു. എന്നാൽ ഹർജിക്കാരൻ ലൈംഗിക ഉദ്ദേശ്യത്തോടെ തൻ്റെ കൈയിൽ കയറി പിടിച്ചെന്നുകാട്ടി യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുടർന്നാണു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.യുവതി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഓഡിയോ ക്ലിപ്പും ഹർജിക്കാരൻ ഹാജരാക്കി. കാര്യം ബോധ്യപ്പെട്ട കോടതി തൊഴിലുടമയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനിടെയാണ് പ്രധാനമായ പരാമർശം നടത്തിയത്
ലൈംഗിക പീഡന പരാതികൾ സത്യസന്ധമായി കൈകര്യം ചെയ്താൽ തൊഴിൽപരമായ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഭയപ്പെടേണ്ട. ഇക്കാര്യത്തിൽ പൂർണമായ നിയമസംരക്ഷണം ഉറപ്പുവരുത്തുമെന്നും ഹൈക്കോടതി പറഞ്ഞു.