താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍  തമ്മിലുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ 16 കാരന്‍ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്.

 

 

താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്ക് ക്ഷതമേറ്റ വിദ്യാര്‍ഥി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്. എസ്.എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

ഞായറാഴ്ച താമരശ്ശേരി വ്യാപാര ഭവനില്‍വെച്ച് ട്യൂഷന്‍ സെന്ററിലെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടി നടത്തിയിരുന്നു. ആഘോഷത്തില്‍ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന എളേറ്റില്‍ എം.ജെ.എച്ച്. എസ്.എസിലെ കുട്ടികളുടെ നൃത്തം പാട്ടുനിന്നതിനെത്തുടര്‍ന്ന് തടസ്സപ്പെട്ടു. നൃത്തം തടസ്സപ്പെട്ടപ്പോള്‍ താമരശ്ശേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ കൂവിവിളിച്ചു കളിയാക്കി. അത് നൃത്തസംഘത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ചോദ്യം ചെയ്തു. വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അധ്യാപകര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

 

ആ സംഭവത്തിലെ അസ്വാരസ്യത്തിന്റെ തുടര്‍ച്ചയായിരുന്നു വ്യാഴാഴ്ചത്തെ സംഘര്‍ഷം. സാമൂഹിക മാധ്യമത്തിലൂടെയുള്ള ആഹ്വാനമനുസരിച്ച് സ്ഥലത്തെത്തിയ ട്യൂഷന്‍ സെന്ററിലുള്ളവരും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ ട്യൂഷന്‍ സെന്ററില്‍ ഇല്ലാത്ത വരുമായ എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രദേശത്ത് തമ്പടിച്ചിരുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. തമ്മില്‍ത്തല്ലിയ വിദ്യാര്‍ഥികളെ നാട്ടുകാരും കടക്കാരും പിന്തിരിപ്പിച്ച് ഓടിച്ചു. പിന്നീട് റോഡിനു സമീപത്തുവെച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി. സംഘര്‍ഷത്തിനിടെ മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഞ്ചക്കുപോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നാണ് വിദ്യാര്‍ഥികള്‍ പോലീസിനെ അറിയിച്ചത്. അതേസമയം വിദ്യാര്‍ഥികള്‍ക്കുപുറമേ പുറത്തു നിന്നുള്ള കണ്ടാലറിയാവുന്ന ചിലരും ആയുധങ്ങളുപയോഗിച്ച് അക്രമം നടത്തിയെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കള്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

 

 

പുറമേ കാര്യമായ മുറിവില്ലാത്തതിനാല്‍ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ സുഹൃത്തുക്കള്‍ വീട്ടിലെത്തിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഛര്‍ദിക്കുകയും തളര്‍ന്നിരിക്കുകയും ചെയ്തു. ആരെങ്കിലും ലഹരിവസ്തുക്കള്‍ നല്‍കിയതാണോയെന്ന സംശയംതോന്നി വീട്ടുകാര്‍ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവമറിയുന്നത്. തുടര്‍ന്ന് വിട്ടുകാര്‍ വ്യാഴാഴ്ച രാത്രി വിദ്യാര്‍ഥിയെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. നിലവഷളാണെന്നുകണ്ട് പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലച്ചോറില്‍ ആന്തരികരക്തസ്രാവം ഉള്ളതായി ബന്ധുക്കള്‍ അറിയിച്ചു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *