തിരുവനന്തപുരം: വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ വേനൽമഴയെത്തിയേക്കും. അടുത്ത മൂന്ന് മണിക്കൂറിനുള്ളിലാണ് മഴ പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. വരുന്ന 5 ദിവസവും തെക്കൻ കേരളത്തിൽ മഴ തുടരാനാണു സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നേരിയ മഴക്കുള്ള സാധ്യതയുള്ളത്. കൊല്ലം ജില്ലയിൽ ഇടത്തരം മഴയ്ക്കും മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. എന്നാൽ കേരളാ തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധന വിലക്ക് തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം തെക്കൻ കേരളത്തിൽ ശക്തമായ വേനൽ മഴ ലഭിച്ചു. വടക്കൻ കേരളത്തിൽ നേരിയ മഴയാകും പെയ്യുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്നലെ മഴ ശക്തമായ ലഭിച്ചത്. തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ പെയ്തു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി.