മാനന്തവാടി: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ നഗരസഭാ റവന്യു ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.മാനന്തവാടി നഗരസഭാ റവന്യു ഇന്‍സ്‌പെക്ടര്‍ എം.എം. സജിത് കുമാറിനെയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.ധനകാര്യസ്ഥാപനത്തിലുണ്ടായിരുന്ന ബാധ്യത തീര്‍ക്കാന്‍ സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചയാളോടാണ് സജിത്ത് കൈക്കൂലി ആവശ്യപ്പെട്ടത്.ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച പ്രകാരം റോഡരികില്‍ നിലയുറപ്പിച്ച സ്ഥലമുടമയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിന്നിടയില്‍ സജിത്തിനെ വിജിലന്‍സ് പിടികൂടുകയായിരുന്നു.ഫെബ്രുവരി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം.
ഇതിന് മുന്‍പും സജിത്തിന്നെതിരെ നിരവധി സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.വസ്തു വില്‍പനയ്ക്ക് മുന്നോടിയായി സ്ഥലത്തെ മണ്ണു നീക്കം ചെയ്തയാളോട് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ഓഫീസിന് സമീപത്തുള്ള മാനന്തവാടി- മൈസൂരു റോഡരികില്‍ നിന്ന് ഫെബ്രുവരി പതിനൊന്നിന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സജിത്തിനെ പിടികൂടിയത്.മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണു നീക്കം ചെയ്തതു സംബന്ധിച്ചു പരാതി ലഭിച്ചിട്ടുണ്ടെന്നും നാല്പതിനായിരം രൂപ പിഴയടക്കേണ്ടി വരുമെന്നും അല്ലെങ്കില്‍ കേസ് പതിനായിരം രൂപയ്ക്കു ഒഴിവാക്കി തരാമെന്നും പറഞ്ഞ് ധനകാര്യ സ്ഥാപന ഉടമയെ സജിത്ത് സമീപിച്ചതിനെ തുടര്‍ന്നാണ് സ്ഥലമുടമ രഹസ്യമായി വിജിലന്‍സിനെ സമീപിച്ചത്.അതിന്നിടെ സജിത്ത് പണം ഉപേക്ഷിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും കൈയ്യോടെ പിടികൂടിയിരുന്നു.തലശ്ശേരിവിജിലന്‍സ്കോടതി സജിത്തിനെ റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സജിത്കുമാറിന് കോടതി ജാമ്യം അനുവദിച്ചു.സജിത്തിന് വേണ്ടി അഡ്വ:ജോസ്‌കൂമ്പുക്കല്‍ ഹാജരായി.