തൃശൂർ: കരിസ്മാറ്റിക് ധ്യാനം കൂടാൻ പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ആറുമണിയോടെ കൊരട്ടിയിലാണ് അപകടമുണ്ടായത്. മരത്തിൽ ഇടിച്ച കാർ മറിയുകയായിരുന്നു.
കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാർ യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ജയ്മോൻ്റെ ഭാര്യ മഞ്ജു (38), മകൻ ജോയൽ (13), ബന്ധുവായ അലൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.