മലപ്പുറം: വഴിയിൽ നിന്നും യാത്രക്കാരെ കയറ്റിയത് ചോദ്യം ചെയ്ത് ബസ് ജീവനക്കാർ മർദ്ദിച്ചതിന് പിന്നാലെ ഓട്ടോതൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. ബസ് ജീവനക്കാരായ സിജു (37) സുജീഷ് (36) മുഹമ്മദ് നിഷാദ് (28) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. മലപ്പുറം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി. ബസ് ജീവനക്കാരുടെ മർദനത്തിൽ പൊന്മള മാണൂർ സ്വദേശി അബ്ദുൾ ലത്തീഫ് (49) ആണ് മരിച്ചത്.
വെള്ളി രാവിലെ പത്തോടെ മലപ്പുറം വെസ്റ്റ് കോഡൂരിൽ വെച്ചാണ് ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റത്. വടക്കേമണ്ണയിലേക്ക് ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ വഴിയിൽനിന്ന് അബ്ദുൾ ലത്തീഫിന്റെ ഓട്ടോയിലേക്ക് മൂന്ന് യാത്രക്കാർ കയറി. പിന്നാലെയെത്തിയ ബസ് ജീവനക്കാർ ഓട്ടോയെ പിന്തുടർന്ന് തടഞ്ഞ് ഇത് ചോദ്യംചെയ്തു. തുടർന്ന് വാക്കേറ്റവും കൈയേറ്റവുമുണ്ടായി. പരിക്കേറ്റ അബ്ദുൾ ലത്തീഫ് ചികിത്സ തേടാനായി ഓട്ടോ ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തി. ഇവിടെവച്ചാണ് കുഴഞ്ഞുവീണത്. പിന്നീട് മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നരഹത്യക്കുറ്റം ചുമത്തി ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി. രാത്രി 11ന് ഒതുക്കുങ്ങൽ കുഴിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഒതുക്കുങ്ങൽ സ്റ്റാൻഡിലിട്ടാണ് അബ്ദുൾ ലത്തീഫ് ഓട്ടോ ഓടിച്ചിരുന്നത്. മരണത്തിൽ പ്രതിഷേധിച്ച് വെള്ളി പകൽ ഒതുക്കുങ്ങലിൽ ഓട്ടോ ഡ്രൈവർമാർ സ്വകാര്യ ബസുകൾ തടഞ്ഞു. മലപ്പുറത്ത് പ്രതിഷേധ പ്രകടനവും നടത്തി