മസ്റ്ററിങ് നടത്തിയില്ല; 11 ലക്ഷം പേരുടെ റേഷൻ മരവിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻകാർഡുകളില്‍ മസ്റ്ററിങ് നടത്താത്ത 11,56,693 പേരുടെ റേഷൻ മരവിപ്പിച്ചു. നിരവധി അവസരങ്ങള്‍ ഭക്ഷ്യവകുപ്പ് നല്‍കിയെങ്കിലും ഇതിലൊന്നും സഹകരിക്കാതെ മാറിനിന്നവരെയാണ് കേരളത്തിലെ സ്ഥിരതാമസക്കാരല്ലെന്ന് (നോണ്‍ റെസിഡന്‍റ് കേരള- എന്‍.ആർ.കെ) ചൂണ്ടിക്കാട്ടി സർക്കാർ ഒഴിവാക്കുന്നത്. ഇവരുടെ പേര് റേഷൻ കാർഡിലുണ്ടാകുമെങ്കിലും മാർച്ച്‌ 31ന് ശേഷം ഇവരുടെ ഭക്ഷ്യവിഹിതം പൂർണമായും റദ്ദുചെയ്യുമെന്ന് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ നിലവില്‍ മസ്റ്ററിങ് നടത്താത്തവരുണ്ടെങ്കില്‍ അടിയന്തരമായി മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

 

മുൻഗണന കാർഡുകളില്‍ ആകെ 1.54 കോടി

 

കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണ് മുൻഗണന കാർഡ് അംഗങ്ങളായ ഉപഭോക്താക്കളെ തിരിച്ചറിയാൻ ഇ കെ.വൈ.സി മസ്റ്ററിങ്ങിന് സെപ്റ്റംബർ മുതല്‍ തീവ്രയജ്ഞം ആരംഭിച്ചത്. ഇരു കാർഡുകളിലുമായി 1.54 കോടി അംഗങ്ങളുള്ളതില്‍ 1.36 കോടി പേർ മാത്രമാണ് (95.82 ശതമാനം) ഇതുവരെ മസ്റ്ററിങ് നടത്തിയത്. ഡിസംബർ 31 വരെയാണ് മസ്റ്ററിങ്ങിന് സമയം അനുവദിച്ചിരുന്നതെങ്കിലും കേരളം ആവശ്യപ്പെട്ട പ്രകാരം മാർച്ച്‌ 31വരെ കേന്ദ്രം സമയം നീട്ടിനല്‍കുകയായിരുന്നു.

 

കൂടുതല്‍ മലപ്പുറത്ത്

 

മഞ്ഞ കാർഡുകാരില്‍ 1,49,852 പേരും പിങ്ക് കാർഡുകാരില്‍ 10,06,841 പേരും മസ്റ്ററിങ് നടത്തിയിട്ടില്ല. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പേർ മസ്റ്ററിങ് നടത്താനുള്ളത്. മഞ്ഞ, പിങ്ക് കാർഡുകളിലായി 1,33,384 പേർ. തിരുവനന്തപുരം:1,30,136 , പാലക്കാട് :1,19,106 , തൃശൂർ: 1,15,503, കൊല്ലം: 1,10,600 പേരും മസ്റ്ററിങ് പൂർത്തിയാക്കാനുണ്ട്. ഏറ്റവും കുറവ് വയനാട്; 21,304 പേർ മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കാനുള്ളത്.

 

ഇനി എന്തു ചെയ്യും?

 

ഇതര സംസ്ഥാനത്തുള്ളവർക്ക് അവർ താമസിക്കുന്നിടങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് പൂർത്തിയാക്കാം. കേരളത്തിലുണ്ടായിട്ടും നാളിതുവരെ മസ്റ്ററിങ് പൂർത്തിയാക്കാത്തവരാണെങ്കില്‍ താലൂക്ക് സപ്ലൈ ഓഫിസിലെത്തി എന്‍.ആർ.കെ പട്ടികയില്‍ നിന്ന് ഒഴിവാകാൻ അപേക്ഷ നല്‍കണം. 24 മണിക്കൂറിനുള്ളില്‍ ഇവരെ എൻ.ആർ.കെ പട്ടികയില്‍ നിന്ന് ഒഴിവാക്കും. തുടർന്ന്, പൊതുവിതരണ വകുപ്പിന്‍റെ ഫേസ് ആപ് വഴി മസ്റ്ററിങ് പൂർത്തിയാക്കാം


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *