വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജൻ. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അഭിമാനകരമായ ദുരന്ത നിവാരണ പ്രക്രിയയിലാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു. വയനാടിനുവേണ്ടി രാഷ്ട്രീയ ഭേദമില്ലാതെ ഒന്നിച്ചുനീങ്ങും. ടൗൺഷിപ്പ് നിർമാണം അതിവേഗം പൂർത്തിയാക്കും. 1112 കുടുംബങ്ങൾക്ക് പുനഃരധിവാസത്തിന് മൈക്രോ പ്ലാൻ ഉണ്ട്. അടിയന്തര ചികിത്സയോ തുടർ ചികിത്സയോ ആവശ്യമായ ദുരന്ത ബാധിതരുടെ ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്. 120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ടി സിദ്ധിഖ് എം എൽ എയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്.
വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ക്രൂരമായ അവഗണനയാണ് കേന്ദ്രം കാണിച്ചത്. ഔദാര്യമായി വായ്പ നൽകിയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ദുരന്തബാധിതർക്ക് ജീവിതോപാധി ഒരുക്കാനായി സർക്കാർ എന്ത് ചെയ്‌തെന്ന് ചോദിച്ച അദ്ദേഹം, ദുരന്തബാധിതർക്കുള്ള പ്രതിദിന അലവൻസ് 300 രൂപ മൂന്ന് മാസം കഴിഞ്ഞപ്പോൾ നിർത്തിയെന്നും കുറ്റപ്പെടുത്തി.