മുട്ടില്‍ :കുടുംബശ്രീ മിഷന്റെ ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച അയല്‍ക്കൂട്ടത്തിനുള്ള അവാര്‍ഡ് ബത്തേരി സി.ഡി.എസിലെ പൗര്‍ണമി അയല്‍ക്കൂട്ടം സ്വന്തമാക്കി. മികച്ച സംയോജന, തനത് പ്രവര്‍ത്തനം, സാമൂഹിക വികസനം, സാമൂഹിക ഉള്‍ചേര്‍ക്കല്‍, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ എന്നീ വിഭാഗങ്ങളില്‍ ബത്തേരി സി.ഡി.എസ് അവാര്‍ഡ് നേടി. മികച്ച എ.ഡി.എസായി വെള്ളമുണ്ട സി.ഡി.എസിലെ പുലിക്കാടും മികച്ച സംരംഭ യൂണിറ്റായി പൊഴുതന സി.ഡി.എസിലെ നന്മയും മികച്ച വ്യക്തിഗത സംരംഭകയായി പൂതാടി സി.ഡി.എസിലെ പഞ്ചവര്ണ്ണയും അവാര്‍ഡ് കരസ്ഥമാക്കി. മികച്ച ഓക്സിലറി സംരംഭമായി പൂതാടി സി.ഡി.എസിലെ ഗ്രാമം യൂണിറ്റും മികച്ച ഓക്സിലറി ഗ്രൂപ്പായി ബത്തേരി സി.ഡി.എസിലെ ധ്വനിയും മികച്ച കാര്‍ഷികേതര സി.ഡി.എസായി മുട്ടിലിനെയും മികച്ച ബഡ്സ് സ്കൂളായി തിരുനെല്ലി സി.ഡി.എസ്സിലെ ബഡ്സ് പാരഡൈസ് സ്കൂളും മികച്ച ട്രൈബല്‍ പ്രവര്‍ത്തനതിന് തിരുനെല്ലി സി.ഡി.എസിനെയും, മികച്ച കാര്‍ഷിക -മൃഗ സംരക്ഷണ പ്രവര്‍ത്തിന് അമ്പലവയല്‍ സി.ഡി.എസിനെയും മികച്ച ഊരു സമിതിയായി തിരുനെല്ലി സി.ഡി.എസ്സിലെ സ്ത്രീ ശക്തിയേയും തിരഞ്ഞെടുത്തു. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുക, കുടുംബശ്രീ അംഗങ്ങള്‍ക്ക് മികച്ച പ്രോത്സാഹനം നല്‍കുക, അര്‍ഹരായവര്‍ക്ക് അംഗീകാരം നല്‍കുക എന്നിവയാണ് അവാര്‍ഡുകള്‍ നല്‍കുന്നതിന്റെ പ്രധാന ലക്ഷ്യം.
ജില്ലാതല അവാര്‍ഡിന് അര്‍ഹരായവര്‍ സംസ്ഥാന തല അവാര്‍ഡില്‍ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കും. പതിനാല് മേഖലകളിലെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മുട്ടില്‍ കോപ്പര്‍ കിച്ചന് ഹാളില്‍ സംഘടിപ്പിച്ച അവാര്‍ഡ് നിര്‍ണയ പരിപാടി കുടുംബശ്രീ ഗവേര്‍ണിങ് ബോഡി അംഗം പി. കെ. സൈനബ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന് അധ്യക്ഷനായി. എ.ഡി.എം.സിമാരായ കെ.കെ അമീന്, വി. കെ റെജീന, കെ.എം സലീന, സി.ഡി.എസ് ചെയര്പേഴ്സണ്മാര്, മെമ്പര്‍ സെക്രട്ടറിമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, അക്കൗണ്ടന്റ്റുമാര് എന്നിവര്‍ പങ്കെടുത്തു.