മഞ്ചേരി: തൃക്കലങ്ങോട് മരത്താണിയിൽ ബൈക്ക് മറിഞ്ഞ് വ്ലോഗർ മരിച്ചു. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല ഹംസയുടെ മകൻ ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6:20ഓടെയാണ് അപകടം.
മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ കണ്ടത്.വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പാട്ടുകളുടെ വരികള്‍ക്കൊപ്പിച്ച് സ്ലോ മോഷന്‍ ഡാന്‍സ് കളിച്ച് കൊണ്ടാണ് ജുനൈദ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 44000 ത്തോളം ഫോളോവേഴ്‌സ് ഉള്ള താരമായിരുന്നു ജുനൈദ്.