ഫ്ലോറിഡ: 9 മാസം നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിടനൽകി ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി. ഇന്ത്യൻ സമയം പുലർച്ചെ 3.27നാണ് ഇവരെയും വഹിച്ചുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം ഫ്ലോറിഡ തീരത്ത് കടലിൽ ഇറങ്ങിയത്. നാസയുടെ നിക്ക് ഹേഗ്, റോസ്കോസ്മോസ് യാത്രികൻ അലക്സാണ്ടർ ഗോർബുനോവ് എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്നു. സ്പേസ് റിക്കവറി കപ്പൽ പേടകത്തിനരികിലേക്ക് എത്തി പേടകത്തിനുള്ളിലെ നാല് യാത്രികരേയും കപ്പലിലേക്ക് മാറ്റി. പേടകത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ യാത്രികരെ സ്ട്രെച്ചറിലാണ് മാറ്റിയത്. സുനിത വില്യംസുൾപ്പെടെ എല്ലാവരും അതീവ സന്തുഷ്ടരായി ക്യാമറയിലൂടെ ലോകത്തെ അഭിവാദ്യം ചെയ്തു.
കഴിഞ്ഞ വർഷം ജൂൺ അഞ്ചിന് എട്ടു ദിവസത്തെ എട്ട് ദിവസത്തെ പരീക്ഷണയാത്രക്ക് പുറപ്പെട്ട് ഒമ്പത് മാസത്തോളം (286 ദിവസം) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയേണ്ടിവന്നു സുനിത വില്യംസിനും ബുച്ച് വിൽമോറിനും. ഇതോടൊപ്പം ഏറ്റവും കൂടുതൽ സമയം സ്പേസ് വാക് നടത്തിയെന്ന നേട്ടവും സുനിതയും വിൽമോറും കൈവരിച്ചു.