വയനാട് ചുരത്തിലെ 6,7,8 വളവുകൾ വീതി കൂട്ടി ഗതാഗതക്കുരുക്കും തടസ്സങ്ങളും ഒഴിവാക്കാൻ ദേശീയപാത വിഭാഗം തയാറാക്കിയ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക്. ഇതിനായി 37 കോടി രൂപയുടെ ടെൻഡർ നടപടികളുടെ സാങ്കേതിക പരിശോധന ഉടൻ ആരംഭിക്കും.
4 പേർ ടെൻഡർ നടപടികളിൽ പങ്കെടുത്തു. ബന്ധപ്പെട്ട കമ്മിറ്റികളുടെ അംഗീകാരം കൂടി ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കും. ദിവസേന ശരാശരി 25,000 ചരക്കുവാഹനങ്ങൾ സഞ്ചരിക്കുന്ന വയനാട് ചുരം കേരളത്തെ കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഗതാഗത- ചരക്ക്-ടൂറിസം പാതയാണ്. ഗതാഗതക്കുരുക്കാണു ചുരത്തിലൂടെയുള്ള യാത്രക്കാർ നേരിടുന്ന പ്രധാന പ്രതിസന്ധി. രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും ഗതാഗതക്കുരുക്കിൽ അകപ്പെടുന്നതും രോഗികൾക്ക് ജീവൻ വരെ നഷ്ടമാകുന്നതും പതിവാണ്.
ചുരംപാത വികസനപദ്ധതിക്ക് വേണ്ട വനഭൂമി 2018ൽ തന്നെ കേന്ദ്രം കേരളത്തിന് കൈമാറിയിരുന്നു. രാഹുൽ ഗാന്ധി എംപിയായിരിക്കെ കലക്ടറേറ്റിൽ നടന്ന ദേശീയപാതയോഗത്തിൽ എംഎൽഎ എന്ന നിലയിലുള്ള അഭ്യർഥന മാനിച്ചാണു ചുരംവളവുകൾ വീതികൂട്ടാനുള്ള തീരുമാനമെടുത്തത്. മറ്റു നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ
.