പത്താംക്ലാസ് പരീക്ഷക്ക് ശേഷം ആഘോഷങ്ങൾക്ക് വിലക്ക്; സംഘർഷം ഒഴിവാക്കാൻ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ പൊതുപരീക്ഷകൾ ഇന്ന് അവസാനിക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് തീരും. ഒമ്പതാം ക്ലാസ്, പ്ലസ് വൺ പരീക്ഷകൾ നാളെയും ഉണ്ട്. എസ്എസ്എൽസി, പ്ലസ് ടു മൂല്യ നിർണയം ഏപ്രിൽ മൂന്ന് മുതൽ നടക്കും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളിൽ വിദ്യാർത്ഥി സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഈ വർഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളില്‍ ആഘോഷങ്ങൾ വിലക്കി കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം പ്രധാന അധ്യാപകർക്ക് കിട്ടിയിട്ടുണ്ട്. എല്ലാ സ്‌കൂൾ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ സ്‌കൂൾ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാം. പരീക്ഷ കഴിഞ്ഞാൽ കുട്ടികളെ രക്ഷിതാക്കൾ ഉടൻ വീട്ടിൽ കൊണ്ട് പോകണമെന്നും നിര്‍ദേശമുണ്ട്.

 

 

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖലാ യോഗങ്ങളിൽ മന്ത്രി നിർദേശം നൽകി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളിൽ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ ലഭിക്കുന്ന വഴികൾ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തരാവശ്യമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *