സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിയാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എന്നാൽ സംസ്ഥാനത്തെ ഒരു ജില്ലയ്ക്കും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. സംസ്ഥാനത്തെ 14 ജില്ലകളിലും നേരിയ തോതിലുള്ള മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഇതിന് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മാർച്ച് 28നു സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മുതൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.