ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു; മാതൃകാ ടൗൺഷിപ്പ് ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടുകളൊരുങ്ങുന്നു. മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 7 സെൻറ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്.

 

ടൗൺഷിപ്പ് നിർമ്മിക്കുന്ന കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് മുഖ്യമന്ത്രി  പദ്ധതിക്ക് തറക്കല്ലിട്ടത്. ഉദ്ഘാടന ചടങ്ങിൽ കെ രാജൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു. എസ്റ്റേറ്റ് ഉടമകളും സർക്കാരും തമ്മിൽ വില സംബന്ധിച്ച കേസ് നിലനിൽക്കുന്നതിനാൽ കോടതിവിധി പ്രകാരം പ്രതീകാത്മകമായാണ് 64 ഹെക്ടർ ഭൂമി ഏറ്റെടുത്തിരിക്കുന്നത്. വൈകുന്നേരം 4 മണിക്ക് തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. നിര്‍മാണം ഒരു വര്‍ഷത്തിനുള്ളിൽ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.  വീടുകൾക്ക് പുറമെ പൊതുസ്ഥാപനങ്ങള്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര – വാണിജ്യ സൗകര്യങ്ങള്‍ എന്നിവ ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും.

 

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം നടത്തുക. കിഫ്‌കോണ്‍ കണ്‍സള്‍ട്ടന്‍റ് ഏജന്‍സിയായി പ്രവര്‍ത്തിക്കും.  ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട 242 ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി. ടൗണ്‍ഷിപ്പില്‍ വീടിനായി 175 പേരും 15 ലക്ഷം സാമ്പത്തിക സഹായത്തിന് 67 പേരുമാണ് സമ്മതപത്രം കൈമാറിയത്. ഒന്നാം ഘട്ട പട്ടികയില്‍ 242 പേരും 2- എ പട്ടികയില്‍ 87 പേരും  2- ബി ലിസ്റ്റില്‍  73 പേരും ഉള്‍പ്പെടെ 402 ഗുണഭോക്താക്കളാണ് അന്തിമ  പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.  2-എ, 2-ബി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏപ്രില്‍ മൂന്ന് വരെ സമ്മതപത്രം കൈമാറാം. ലഭിച്ച സമ്മതപത്രങ്ങളിൽ ഏപ്രില്‍ 13 നകം വിവരശേഖരണം, സമാഹരണം എന്നിവ പൂര്‍ത്തീകരിച്ച് ഏപ്രില്‍ 20 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും. ഉരുൾപൊട്ടൽ ടൗൺഷിപ്പ്  വീട് വീട്ടിൽ ഒരുക്കുന്നത് രണ്ട് ബെഡ്റൂമുകൾ, മാസ്റ്റർ ബെഡ്റൂം- 340 x 365, രണ്ടാമത്തെ ബെഡ്റൂം – 335 x 340, ഡൈനിങ് 325 x 338, ലിവിങ്  353 x 338, സിറ്റൗട്ട് – 353 x 150, കിച്ചൺ 335 X 340, ബാത്ത് റൂം 205 x 155, കോമൺ ടോയ്ലറ്റ് 205 x 170,വർക്ക് ഏരിയ 190x 340 എന്നിങ്ങനെയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *