കോഴിക്കോട്: ഇന്ന് ചെറിയ പെരുന്നാൾ. വിശുദ്ധിയുടെ വസന്തോല്‍സവമായ റംസാന്‍ മാസത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ശവ്വാല്‍ തിങ്കള്‍ക്കല പടിഞ്ഞാറന്‍ ചക്രവാളത്തില്‍ കാണുന്ന വേളയില്‍ മുസ്ലീംങ്ങള്‍ തക്ബീര്‍ ധ്വനികളോടെ ഈദുല്‍ഫിതറിനെ സ്വാഗതം ചെയ്യുന്നു. പുത്തനുടുപ്പുകളുടെയും, സുഗന്ധധ്യവ്യങ്ങളുടേയും ആനന്ദത്തില്‍ മൈലാഞ്ചി അണിഞ്ഞ കൈകളുമായി പിഞ്ചോമനകള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നു. മുസ്ലീംങ്ങള്‍ക്ക് ഈദുല്‍ഫിത്തര്‍ ആനന്ദ സുദിനമാണ്. തന്നെ ആരാധിച്ചുകൊണ്ട് വിശപ്പും വികാരവും സഹിച്ച അടിയാളുകള്‍ക്ക് സന്തോഷിക്കുവാന്‍ അല്ലാഹു നല്‍കിയ അവസരമാണ്
പെരുന്നാള്‍.എല്ലാം നാഥനിൽ സമർപ്പിച്ച് ഒരു മാസം നീണ്ട വ്രതാനുഷ്‌ഠാനത്തിന് ശേഷമാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരം നടക്കും.ചെറിയ പെരുന്നാളിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒരു മാസത്തെ വ്രതാനുഷ്‌ഠാനം.സ്നേഹവും സാഹോദര്യവും സഹനവും പങ്കിട്ട് പെരുന്നാളിലേക്ക് വിശ്വാസികൾ കടന്നു.പുണ്യപുഷ്‌കലമായ പരിശുദ്ധ റംസാന്‍ അതിന്റെ എല്ലാ വിധ അനുഗ്രഹങ്ങളോടും കൂടി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ വിശ്വാസിയുടെ ആത്മീയാഹ്ലാദമാണ് തക്ബീര്‍ ധ്വനികളിലൂടെ ഉദ്‌ഘോഷിക്കപ്പെടുന്നത്. റംസാനില്‍ തേടിയെടുത്ത ജീവ കാരുണ്യത്തിന്റെയും അഗതി സംരക്ഷണത്തിന്റെയും മഹനീയ ഗുണങ്ങള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് പെരുന്നാളിന്റെ തുടക്കം.
ഫിത്വർ സക്കാത്ത് നൽകി വിശ്വാസികൾ ഈദ്ഗാഹുകളിലേക്കെത്തും. നമസ്‌കാരത്തിന് പണ്ഡിതന്മാരും ഇമാമുമാരും നേതൃത്വം നൽകും. ശേഷം പെരുന്നാൾ പ്രഭാഷണം നടക്കും. വിവിധ സംഘടനങ്ങൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.