നീലഗിരി : ഊട്ടി ഉൾപ്പെടുന്ന നീലഗിരി ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ നിന്നും വരുന്നവർക്ക് ഏർപ്പെടുത്തിയ ഇ-പാസ് സംവിധാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നീലഗിരിയിലെ വ്യാപാരികൾ ബുധനാഴ്ച ഹർത്താൽ നടത്തും. മുഴുവൻ വ്യാപാരികളും ഉൾപ്പെടുന്ന കോഡിനേഷൻ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. നീലഗിരി ജില്ലയിലുൾപ്പെടുന്ന പന്തല്ലൂർ, ഗൂഡല്ലൂർ, ഊട്ടി, കുന്ത, കോത്തഗിരി, കൂനൂർ എന്നീ ആറു താലൂക്കുകളിലാണ് ബുധനാഴ്ച രാവിലെ ആറുമുതൽ വ്യാഴാഴ്ച രാവിലെ ആറുവരെ ഹർത്താൽ.
തമിഴ്‌നാട് ഹൈക്കോടതി ഉത്തരവനുസരിച്ചാണ് ഒരുവർഷം മുൻപ് നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് ഇ-പാസ് ഏർപ്പെടുത്തിയത്. ഏപ്രിൽ ഒന്നുമുതൽ സാധാരണദിവസങ്ങളിൽ 6000 പേർക്കും ആഴ്‌ചാവസാനങ്ങളിൽ 8000 പേർക്കും മാത്രം പ്രവേശനം അനുവദിച്ചാൽ മതിയെന്നാണ് ഉത്തരവ്. വാഹനങ്ങളുടെയും സഞ്ചാരികളുടെയും കൃത്യമായ കണക്ക് ലഭിക്കാൻ വേണ്ടിയാണ് ഇ-പാസ് ഏർപ്പെടുത്തിയത്. എന്നാൽ പാസ് ഏർപ്പെടുത്തിയതിനാൽ സഞ്ചാരികളുടെ വരവ് കുറയുന്നുവെന്നും വ്യാപാരത്തെ മോശമായി ബാധിക്കുന്നുവെന്നും വ്യാപാരികൾ പറയുന്നു.
നീലഗിരി ജില്ലയിൽ പ്രത്യേകിച്ച് ഊട്ടി, കൂനൂർ എന്നിവിടങ്ങളിൽ ആഴ്ചാവസാനങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും വൻതോതിലാണ് സഞ്ചാരികളെത്തുന്നത്. ഇതുമൂലം വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതോട തദ്ദേശവാസികൾ പരാതിയുയർത്തിത്തുടങ്ങി. തുടർന്ന് വിഷയം കോടതിയിലെത്തിയപ്പോഴാണ് കോടതി ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയത്.
സാധാരണദിവസങ്ങളിൽ 6000 പേരും ആഴ്‌ചാവസാനങ്ങളിൽ 8000 പേർ മാത്രവും എത്തിയാൽ മതിയെന്ന നിർദേശം വന്നത് തങ്ങൾക്ക് തിരിച്ചടിയാണെന്ന് വ്യാപാരികൾ പറയുന്നു.