ഗുണ്ടൽപേട്ടിലെ വാഹനാപകടം; പിതാവും മരണപ്പെട്ടു; മരണം മൂന്ന് ആയി

കർണാടക ചാമരാജ് നഗർ ഗുണ്ടൽപേട്ടിൽ കാർ ടെമ്പോ വാനിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിൽ നിന്ന് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ആയി. ഇതേ കുടുംബത്തിലെ ആറു പേർ പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്നു. നാടിനെ കണ്ണീരിലാഴ്ത്തിയ അപകടത്തിൽ ഗൃഹനാഥനായ അത്തിക്കുന്ന് മന്നിയിൽ അബ്ദുൽ അസീസ് (50) ആണ് മരണപ്പെട്ടത്.

 

ഇദ്ദേഹത്തിന്റെ മക്കളായ മുഹമ്മദ് ഷഹ്സാദ് (24), മുസ്‌കാനുൽ ഫിർദൗസ് (21) എന്നിവർ ഇന്നലെ മരിച്ചിരുന്നു. മക്കളായ മുഹമ്മദ് അദ്‌നാന്‍ (18), മുഹമ്മദ് ആദില്‍ (16), സഹ്ദിയ സുല്‍ഫ (25), സഹ്ദിയ സുല്‍ഫയുടെ മക്കളായ ആദം റബീഹ് (6), അയ്യത്ത് (എട്ട് മാസം), അബ്ദുല്‍ അസീസിന്റെ സഹോദരന്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ഷാനിജ് (15) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ ഉള്ളത്.

 

അബ്ദുല്‍ അസീസ് കുടുംബത്തോടൊപ്പം ഇന്നലെ പുലര്‍ച്ച ഒന്നോടെയാണ് മൊറയൂര്‍ അരിമ്പ്രയിലെ വീട്ടില്‍നിന്ന് മാണ്ഡ്യ കൊപ്പയിലുള്ള ഭാര്യ രേഷ്മ ബാനുവിന്റെ വീട്ടിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പുറപ്പെട്ടത്. രാവിലെ എട്ടിന് ബേഗൂർ ബെംഗഗള്ളി ഗേറ്റിന് സമീപം ഇവർ സഞ്ചരിച്ച കെ.എൽ 84 ബി 0372 രജിസ്ട്രേഷനിലുള്ള കാർ എതിരെ വന്ന ടെമ്പോവാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

 

ഊട്ടിയിലേക്ക് വിനോദ യാത്ര പോവുകയായിരുന്നു വാനിലുള്ള സംഘം. ഇവരിൽ ഡ്രൈവറടക്കം രണ്ടുപേർക്ക് നിസ്സാര പരിക്കുണ്ട്. ഷഹ്സാദാണ് കാർ ഓടിച്ചിരുന്നത്. മുസ്കാൻ മുൻ സീറ്റിലിരിക്കുകയായിരുന്നു.

 

അബ്ദുല്‍ അസീസിന്റെ ആദ്യ ഭാര്യയായ കൊണ്ടോട്ടി തുറക്കല്‍ ചെമ്മലപ്പറമ്പ് ഫാത്തിമയാണ് ഷഹ്‌സാദിന്റെ മാതാവ്. മറ്റൊരു ഭാര്യ മൈസൂരു കൊപ്പ സ്വദേശി രേഷ്മ ബാനുവാണ് മുസ്‌കാനുല്‍ ഫിര്‍ദൗസിന്റെ മാതാവ്. മുഹമ്മദ് ഷഹ്‌സാദിന്റെയും മുസ്‌കാനുല്‍ ഫിര്‍ദൗസിന്റെയും മയ്യിത്തുകൾ പോസ്റ്റ്മോർട്ടത്തിനുശേഷം നടപടികൾ പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ചു.

 

മരണപ്പെട്ട ഷഹ്ഷാദിന്റെ ഖബറടക്കം ഇന്നലെ രാത്രി കൊണ്ടോട്ടി ചെമ്മലപ്പറമ്പ് ജുമാമസ്ജിദിൽ നടന്നു. മുസ്‌കാനുൽ ഫിർദൗസിന്റെ ഖബറടക്കം ഇന്ന് രാവിലെ അരിമ്പ്ര പഴങ്ങാരത്തൊടി ജുമാമസ്ജിദ്ലും നടന്നു. 6 മാസം പ്രായമുള്ള കുഞ്ഞ് അടക്കം 4 പേര് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് ഉള്ളത്. ഇന്ന് മരണപ്പെട്ട അബ്ദുല്‍ അസീസ് മൈസൂർ അപ്പോളോ ആശുപത്രിയിൽ ആയിരുന്നു. 6 വയസ്സുള്ള കുട്ടി മൈസൂരിൽ ജെഎസ്എസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആണ് ഉള്ളത്.

 

കൊണ്ടോട്ടി തുറയ്ക്കൽ ചെമ്മലപ്പറമ്പ് സ്വദേശി ഫാത്തിമയുടെയും മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ അബ്ദു‌ൽ അസീസിന്റെയും മകനായ ഷഹ്സാദ് ദുബായിൽനിന്ന് പെരുന്നാൾ ആഘോഷത്തിനാണ് നാട്ടിലെത്തിയത്. രണ്ടുവർഷമായി ദുബായിലെ ആബ്ലോക്ക് കമ്പനിയിൽ സൂപ്പർവൈസറായ ഷഹ്സാദ് 15 ദിവസത്തെ അവധികഴിഞ്ഞ് അഞ്ചാംതീയതിക്കു ശേഷം മടങ്ങാനിരിക്കെയാണ് ദുരന്തമെത്തിയത്. ഷഹ്സാദിന് ആറുമാസമുള്ളപ്പോൾ ഫാത്തിമയും അബ്‌ദുൾ അസീസും തമ്മിലുള്ള ബന്ധം പിരിഞ്ഞിരുന്നു. ചെമ്മലപ്പറമ്പിലെ സ്വന്തം വീട്ടിലേക്കുപോന്ന ഫാത്തിമ പിന്നീട് വേറെ വിവാഹംകഴിക്കാതെ മകനുവേണ്ടിയാണു ജീവിച്ചത്.

 

അതേസമയം, അബ്‌ദുൾ അസീസ് ഷഹ്സാദുമായി ബന്ധം നിലനിർത്തിയിരുന്നു. അസീസിന്റെ ഭാര്യ രേഷ്‌മയുടെ മൈസൂരു കൊപ്പയിലെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാനാണ് ഇവർ പുറപ്പെട്ടത്. മറ്റു മക്കളോടും പേരക്കുട്ടികളോടുമൊപ്പം മൈസൂരുവിലേക്കുള്ള യാത്രയിൽ അബ്‌ദുൾ അസീസാണ് ഷഹ്‌സാദിനെ ക്ഷണിച്ചത്. ഷഹ്സാദ് ഓടിച്ച കാറിൽ എതിർവശത്തുനിന്നുവന്ന ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *