ഗൂഡല്ലൂര്‍: കഴിഞ്ഞ ദിവസം നാടുകാണി ചുരത്തിലൂടെ ഊട്ടിയിലേക്ക് എത്താനിരുന്ന വിനോദ സഞ്ചാരികളെ വലച്ചത് വേണ്ടത്ര സൗകര്യങ്ങള്‍ ചെയ്യാതെ ഏര്‍പ്പെടുത്തിയ ഇ-പാസ് സംവിധാനമായിരുന്നു. ഏപ്രില്‍ മുതല്‍ നീലഗിരിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളെ നിയന്ത്രിക്കുന്നതിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇ-പാസ് സംവിധാനം ഏര്‍പ്പാടാക്കിയത്. ആഴ്ചയുടെ തുടക്കത്തില്‍ ദിവസവും 6,000 വാഹനങ്ങള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 8,000 വാഹനങ്ങള്‍ക്കും മാത്രമാണ് ഇ-പാസ് അനുവദിക്കാന്‍ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ ഇന്‍റര്‍നെറ്റിന്‍റെ വേഗക്കുറവും പാസ് പരിശോധിക്കാന്‍ വേണ്ടത്ര ജീവനക്കാരില്ലാതിരുന്നതും തിരിച്ചടിയായതോടെ ഡസണ്‍കണക്കിന് വാഹനങ്ങളാണ് നടുറോഡില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്.
നീലഗിരിയിലേക്ക് മലപ്പുറം ജില്ലയില്‍ നിന്നും പ്രവേശിക്കുന്ന നാടുകാണി ചെക്ക്‌പോസ്റ്റില്‍ കിലോമീറ്ററുകളോളമാണ് വാഹനങ്ങള്‍ കാത്തുക്കിടന്നത്. ചൊവ്വാഴ്ച്ച ഉച്ചയോടെ തന്നെ 5,000 വാഹനങ്ങള്‍ എത്തിയെന്നാണ് കണക്ക്. ജില്ലയിലേക്ക് പ്രവേശിക്കുന്ന എല്ലാ ചെക്‌പോസ്റ്റുകളിലും പരിശോധനകള്‍ തുടങ്ങിയതോടെ ഗതാഗതകുരുക്കും രൂക്ഷമായി. കൂടുതല്‍ വാഹനങ്ങള്‍ വരുന്നത് നാടുകാണി വഴിയായതിനാല്‍ തന്നെ പരിശോധന പോയിന്‍റ് മുതല്‍ കിലോമീറ്ററോളം വാഹനങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ട അവസ്ഥയാണുണ്ടായത്. പലരും ഇ-പാസ് നേരത്തെ ഓണ്‍ലൈന്‍ വഴി എടുത്തിരുന്നെങ്കിലും പാസില്ലാതെയും വാഹനങ്ങളെത്തി. ഇതോടെ പാസില്ലാത്ത വാഹനങ്ങള്‍ക്ക് പാസ് എടുക്കാന്‍ പിന്നെയും സമയം വേണ്ടി വന്നു. നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും തിരക്കുള്ള ബര്‍ലിയാര്‍ ചെക്ക് പോസ്റ്റിലും നല്ല തിരക്കായിരുന്നു. ആദ്യം പാസെടുത്ത് വന്നവര്‍ക്ക് അവ പരിശോധിക്കാനും എടുക്കാത്തവര്‍ക്ക് എടുക്കുവാനും സമയം നല്‍കിയിരുന്നു. അതേ സമയം. കേരളത്തില്‍ സ്‌കൂള്‍ പൂട്ടിയതും പെരുന്നാളും മറ്റു അവധികളും പ്രമാണിച്ച് നൂറുകണക്കിന് വിനോദസഞ്ചാരികളാണ് നീലഗിരിയിലേക്ക് വരുന്നത്. നീലഗിരിയിലെ വാഹനങ്ങളെ മാത്രമാണ് ഇ-പാസില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്.