ന്യൂഡൽഹി: കേന്ദ്ര യുവജനകാര്യ, കായികമന്ത്രാലയത്തിൻ്റെ ദേശീയ യുവപുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ വയനാട് സ്വദേശി എം.ജൊവാന ജുവൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
2022-23 വർഷത്തെ പുരസ്‌കാരത്തിനാണ് ജൊവാന ജൂവലിനെ തെരഞ്ഞെടുത്തത്. സ്മൈൽ ഡേ പദ്ധതിയുടെ ഭാഗമായി വനവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കിടയിൽ ആർത്തവ ആരോഗ്യപ്രശ്‌നങ്ങളും ആർത്തവശുചിത്വവും സംബന്ധിച്ച് നടത്തിയ ബോധവൽകരണ പ്രവർത്തനങ്ങളാണ് ജൊവാന ജുവലിനെ പുരസ്‌കാരത്തിന് അർഹയാക്കിയത്. മെഡലും സർട്ടിഫിക്കറ്റും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. 2021- 22 വർഷത്തിൽ 11 പേരും 2022-23ൽ ജൊവാന ജുവൽ അടക്കം 12 പേരും ഒരു സംഘടനയുമാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.