കൊച്ചി: പൃഥ്വിരാജിന്‍റെ മൂന്ന് സിനിമകളുടെ പ്രതിഫലം സംബന്ധിച്ച് ഐടി അന്വേഷണം. കടുവ, ജനഗണമന, ഗോള്‍ഡ് സിനിമകളില്‍ നിന്ന് പറ്റിയ പ്രതിഫലത്തെക്കുറിച്ചാണ് അന്വേഷണം. സഹനിർമാതാവെന്ന നിലയില്‍ 40 കോടി പറ്റിയതില്‍ വിശദാംശങ്ങള്‍ തേടി. ആദായനികുതി അസസ്മെന്‍റ് വിഭാഗമാണ് പരിശോധന നടത്തുന്നത്. 2022ല്‍ നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് അന്വേഷണം. ഈ മാസം കണക്കുകൾ ഹാജരാക്കാൻ നിര്‍ദേശം. എമ്പുരാന്‍ വിവാദത്തിന് പിന്നാലെ പൃഥ്വിക്കെതിരെയും നടപടിയുണ്ടാകുമെന്ന ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ നിര്‍മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്‍റെ ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൃഥ്വിരാജിനെതിരെയുള്ള ഐടി നടപടി.ചെന്നൈ കോടമ്പാക്കത്തെ ഓഫീസിൽ രാത്രി വൈകിയും ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇടപാടുകളും പരിശോധിച്ചു എന്നാണ് സൂചന. എന്നാല്‍ ഫെമ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നിൽ എന്നാണ് ഇഡി നൽകുന്ന വിശദീകരണം. ഇന്നലെ രാവിലെ കോഴിക്കോട്ടെ മാളിലും ഹോട്ടലിലും ഇഡി പരിശോധന നടത്തിയിരുന്നു.സമീപകാല വിവാദങ്ങളുമായി പരിശോധനക്ക് ബന്ധമില്ലെന്നും ഗോകുലം സ്ഥാപനങ്ങൾ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും കേരളത്തിലും തമിഴ്‌നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സംശയമെന്നും ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.